Kottayam Local

എരുമേലി പഞ്ചായത്തിനെതിരേ കേസെടുക്കാന്‍ ശുപാര്‍ശ

എരുമേലി: മാലിന്യസംസ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാത്തതിന് എരുമേലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ പ്രതിയാക്കി ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാന്‍ ദുരന്ത നിവാരണ ജില്ലാതല സമിതിയോഗം ശുപാര്‍ശ ചെയ്തു.
17നകം അപാകതകള്‍ പരിഹരിച്ചില്ലെങ്കിലാണ് നടപടി. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സമിതി യോഗമാണ് ശുപാര്‍ശ ചെയ്തത്. 17ന് എരുമേലി കമുകിന്‍കുഴിയിലെ സംസ്‌കരണകേന്ദ്രം കലക്ടര്‍ യു വി ജോസ് സന്ദര്‍ശിക്കാനെത്തും. അപാകതകള്‍ പരിഹരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ജില്ലാ ഭരണകൂടം ഏറ്റെടുക്കുന്നതാണ് ഉചിതമെന്ന് സമിതിയോഗം വിലയിരുത്തി. ശുചിത്വ മിഷന്‍ മുഖേന കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവും. നിലവില്‍ ശബരിമല സീസണിലെ മാലിന്യങ്ങളും ഒരു വര്‍ഷം മുമ്പുള്ള മാലിന്യങ്ങളുമടക്കം ടണ്‍കണക്കിനു മാലിന്യക്കൂമ്പാരമാണ് സംസ്‌കരണ കേന്ദ്രത്തിലുള്ളത്. ഇത് 17നകം നീക്കം ചെയ്യണമെന്ന് തുടര്‍ച്ചയായി ഗ്രാമപ്പഞ്ചായത്തിനോട് കലക്ടറും ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറും ആവശ്യപ്പെട്ടിരുന്നു.
സംസ്‌കരണ കേന്ദ്രത്തില്‍ തൊഴിലാളികള്‍ക്ക് കുടിവെള്ളവും ശൗചാലയവും ഇല്ലാത്തത് മനുഷ്യാവകാശ ലംഘനമാണെന്നു സ്‌പെഷ്യല്‍ കമ്മീഷണര്‍ അഭിപ്രായപ്പെട്ടിരുന്നു. ദുര്‍ഗന്ധവും പരിസര മലിനീകരണവും മൂലം ത്വക്ക് രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചെന്നു നാട്ടുകാര്‍ പരാതിയും അറിയിച്ചിരുന്നു.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് യൂനിറ്റില്‍ സംസ്‌കരണം ആരംഭിച്ചത്. ഒമ്പത് മുതല്‍ മാലിന്യങ്ങള്‍ എത്തിത്തുടങ്ങി. ഇതുവരെയും മാലിന്യങ്ങളില്‍ അല്‍പ്പം പോലും സംസ്‌കരിക്കാന്‍ കഴിഞ്ഞിട്ടില്ല. വേര്‍തിരിക്കാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെ ഖരം, ജൈവം തുടങ്ങി എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ച് കൂട്ടിയാണ് കമുകിന്‍കുഴിയിലും കൊടിത്തോട്ടം പ്ലാന്റിലും എത്തിക്കുന്നത്. കൊടിത്തോട്ടത്ത് റോഡരുകിലാണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടുകൊണ്ടിരിക്കുന്നത്. പ്ലാന്റില്‍ സംസ്‌കരണം നടക്കുന്നില്ല. കമുകിന്‍കുഴിയിലെ യൂനിറ്റ് ജൈവമാലിന്യ സംസ്‌കരണത്തിനു വേണ്ടിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ എല്ലാത്തരം മാലിന്യങ്ങളും ഇവിടേയ്ക്ക് എത്തിക്കുകയാണ്. പ്ലാസ്റ്റിക് വേര്‍തിരിച്ച് മാറ്റാന്‍ ദിവസം 12 തൊഴിലാളികള്‍ വീതം കഴിഞ്ഞ മുന്ന് മാസമായി പണിയെടുത്തിട്ടും പ്രയോജനമുണ്ടായിട്ടില്ല. വേര്‍തിരിച്ചിടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതായതിനാല്‍ വാങ്ങാന്‍ ഏജന്‍സികള്‍ തയ്യാറുമല്ല.
Next Story

RELATED STORIES

Share it