Kottayam Local

എരുമേലി നേടാനും നിലനിര്‍ത്താനും മുന്നണികളുടെ പോരാട്ടം

എരുമേലി: മതമൈത്രിയിലൂടെ രാജ്യത്തിന്റ അഭിമാനമായ എരുമേലിയില്‍ നിന്നു ജില്ലാ പഞ്ചായത്ത് അംഗമാവാന്‍ ഇത്തവണ മല്‍സരം മുറുകുകയാണ്. എരുമേലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ രൂപീകൃതമായത് മുതല്‍ കഴിഞ്ഞ തവണ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. അതാവട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു. യുഡിഎഫില്‍ നിന്ന് ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ സിപിഐയിലെ ശാലിനി ജയ്‌മോനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ്സിലെ മാഗി ജോസഫാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി ലതാ രാധാകൃഷ്ണനും മല്‍സരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാലിനി ജെയ്‌മോന്‍ എഐഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്.
നിലവില്‍ എഐവൈഎഫ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി മാഗി ജോസഫ്. ദീര്‍ഘകാലമായി മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയിലൂടെ സാമൂഹ്യ പ്രവര്‍ത്തകയായി തുടരുന്ന മാഗി ജോസഫ് 20 വര്‍ഷത്തോളം കണമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ലതാ രാധാകൃഷ്ണന്‍ വിധവാ വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖലാ പ്രസിഡന്റാണ്.
കഴിഞ്ഞ തവണ കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം 5000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കഴിഞ്ഞ തവണ വന്‍ഭൂരിപക്ഷം നേടിയ വാര്‍ഡ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് പറയുന്നു.
യുഡിഎഫ് കോട്ടയായ മണിമല പഞ്ചായത്തിനെ ഡിവിഷനില്‍ ഉള്‍പ്പെടുത്തിയതാണു കഴിഞ്ഞ തവണ യുഡിഎഫിനു നേട്ടമായതെന്നും ഇത്തവണ മണിമലയിലെ ഏഴു വാര്‍ഡുകള്‍ മാത്രമാണുള്ളതെന്നും ഡിവിഷന്‍ തിരിച്ചുപിടിക്കുമെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു. ദേശീയ തലത്തില്‍ ബിജെപി അധികാരത്തിലേറിയതിന്റെ തരംഗവും എസ്എന്‍ഡിപിയുമായുള്ള സംഖ്യവുമാണു ബിജെപി സ്ഥാനാര്‍ഥി ലതാ രാധാകൃഷ്ണന്റെ പ്രതീക്ഷ.
രണ്ട് വാര്‍ഡുകള്‍ ഒഴികെ കോരുത്തോട് പഞ്ചായത്തും എരുമേലി ഗ്രാമപ്പഞ്ചായത്ത് പൂര്‍ണമായും മണിമലയിലെ ഏഴുവാര്‍ഡുകളും ഉള്‍പ്പെടെ മൊത്തം 50 വാര്‍ഡുകളാണ് ഡിവിഷനില്‍ ഉള്ളത്.
Next Story

RELATED STORIES

Share it