Kottayam Local

എരുമേലി നഗരത്തില്‍ സിസി ടിവി കാമറ ഏര്‍പ്പെടുത്തുന്നു



എരുമേലി: എരുമേലി ടൗണും പേട്ടക്കവലയും ബസ് സ്റ്റാന്‍ഡും ക്ഷേത്രവും മസ്ജിദും ബാങ്കുകളുമെല്ലാം ഇനി പോലിസിന്റെ കാമറ കണ്ണുകളുടെ വലയത്തിലേക്ക്. അടുത്ത മാസം ഒന്നു മുതല്‍ സ്ഥിരം കാമറാ നിരീക്ഷണം ആരംഭിക്കാനാണു തീരുമാനം. സ്റ്റേഷനിലിരുന്ന് ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനും നടപടികള്‍ ആരംഭിച്ചു. നിലവില്‍ കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം സ്റ്റേഷനുകളില്‍ കാമറാ നിരീക്ഷണം ഉണ്ടെങ്കിലും എരുമേലിയില്‍ കൂടുതല്‍ വിപുലമായി നടത്താനാണു തീരുമാനം. എരുമേലി സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് വ്യാപാരി സംഘടനാ ഭാരവാഹികള്‍, ധനകാര്യ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്താണ് തീരുമാനമെടുത്തതെന്ന് മണിമല സിഐ ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. കാമറകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള തുക വ്യാപാരികളും ബാങ്ക് പ്രതിനിധികളും ചേര്‍ന്ന് നല്‍കാമെന്ന് യോഗത്തില്‍ അറിയിച്ചു. ശബരിമല സീസണ്‍ കാലത്താണ് എരുമേലിയില്‍ സിസി ടിവി വഴി കാമറാ നിരീക്ഷണമുള്ളത്. ഇനി മുതല്‍ ഇതു സ്ഥിരം സംവിധാനമാവുകയാണ്. കുറ്റകൃത്യങ്ങള്‍ ഉടന്‍ തന്നെ പിടികൂടാനും സുരക്ഷാ പ്രാധാന്യവും മുന്‍ നിര്‍ത്തി കൂടുതല്‍ സ്‌പോട്ടുകള്‍ കാമറ നിരീക്ഷണത്തിലാക്കുന്നതിന് അടുത്ത തീര്‍ത്ഥാടന കാലത്തിനു മുമ്പ് നടപടികളാവുമെന്ന് പോലിസ് പറഞ്ഞു. നിലവില്‍ ചില സ്ഥാപനങ്ങളില്‍ സ്വകാര്യമായി കാമറാ നിരീക്ഷണമുണ്ട്. ഇതെല്ലാം പോലിസുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.
Next Story

RELATED STORIES

Share it