Kottayam Local

എരുമേലിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമാന്തര റോഡ്

എരുമേലി: എരുമേലിയില്‍ ടൗണിനു ചുറ്റും വൃത്താകൃതിയില്‍ സമാന്തര റോഡ് നിര്‍മാണം ആരംഭിക്കാനുള്ള കലക്ടറുടെ പുതിയ പദ്ധതി തയ്യാറായി. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചാല്‍ എരുമേലി ഗതാഗതക്കുരുക്ക് രൂക്ഷമാവും. ഇതിനു പരിഹാരമായാണ് പുതിയ റോഡ് നിര്‍മിക്കുന്ന പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നത്.
കേവലം 300 മീറ്റര്‍ ദൂരത്തില്‍ ഒരു റോഡ് കൂടി നിര്‍മിച്ചാല്‍ ഈ പദ്ധതി പ്രാവര്‍ത്തികമാവുമെന്ന് കലക്ടര്‍ യു വി ജോസ് പറഞ്ഞു. അടുത്ത ശബരിമല സീസണില്‍ പദ്ധതി നടപ്പാക്കാനായി പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. വിശദമായ സര്‍വേയും സ്ഥല പരിശോധനകളും സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഉടന്‍ നടക്കും.
നിലവിലുള്ള റിങ് റോഡുകളെ കൂട്ടിയിണക്കാനാണ് 300 മീറ്റര്‍ ദൂരത്തില്‍ പുതിയ റോഡ് നിര്‍മിക്കുക. ഒപ്പം റിങ് റോഡുകള്‍ക്ക് വീതി പരമാവധി വര്‍ധിപ്പിച്ച് വളവു നിവര്‍ത്തി കയറ്റവും ഇറക്കവും ലഘൂകരിച്ച് പ്രധാനപാതയുടെ ഗുണനിലവാരത്തില്‍ പണികള്‍ നടത്തും.
അടുത്ത ശബരിമല സീസണില്‍ കൊച്ചമ്പലം മുതല്‍ വലിയമ്പലം വരെയുള്ള പേട്ടതുള്ളല്‍പാത പൂര്‍ണമായും വാഹനമുക്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ടൗണിനു ചുറ്റുമുള്ള പുതിയ പാത പ്രധാന പാതയായി മാറും. പേട്ടതുള്ളല്‍ പാതയില്‍ ചരക്ക് കയറ്റി ഇറക്കുന്നതിനായി ടാക്‌സികള്‍ക്ക് സമയം നല്‍കുന്നതൊഴിച്ചാല്‍ പൂര്‍ണമായും പാത വാഹന വിമുക്തമായിരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
ടൗണിനോടു ചേര്‍ന്ന് പുതിയ ഒരു മിനി ടൗണ്‍ഷിപ്പ് സമാന്തര പാതയുടെ പൂര്‍ത്തീകരണത്തോടെ ഭാവിയിലുണ്ടാവാന്‍ സാധ്യതയേറുന്ന നിലയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആവശ്യത്തിലേറെ സ്ഥലം എരുമേലിയുടെ വികസനത്തിന് ഇനി ഉപയോഗിക്കാന്‍ കഴിയുമെന്നുള്ളതും പദ്ധതിയുടെ പ്രത്യേകതയാണ്. ടൗണിന്റെ പരിസര പ്രദേശങ്ങള്‍ വികസിക്കപ്പെടും. കൂടുതല്‍ വ്യാപാരശാലകളും വാണിജ്യ സംരംഭങ്ങളും കച്ചവട നിക്ഷേപ സാധ്യതകളും എരുമേലിക്ക് ഇതിലൂടെ തുറന്നുകിട്ടും. ഭാവിയില്‍ ശബരിമല തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിക്കുമെന്നുള്ളത് മുന്‍നിര്‍ത്തിയാണ് പദ്ധതി ഉടന്‍തന്നെ ആവിഷ്‌കരിക്കാന്‍ പ്രേരണയായതെന്നു കലക്ടര്‍ പറഞ്ഞു.പ്ലാനും രൂപരേഖയും പദ്ധതിയും തയ്യാറാക്കി ഉടന്‍തന്നെ സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it