Kottayam Local

എരുമേലിയില്‍ വൈദ്യുതി മുടക്കം : കെഎസ്ഇബി സെക്ഷന്‍ വിഭജിക്കണമെന്ന ആവശ്യം ശക്തം



എരുമേലി: പുതുതായി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയാലും എരുമേലിയിലെ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരമാവില്ലെന്ന് വിലയിരുത്തല്‍. എരുമേലി ഇലക്ട്രിക്കല്‍ സെക്ഷന്‍ വിഭജിച്ചെങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് കെഎസ്ഇബി ജീവനക്കാര്‍ പറയുന്നത്. പെട്ടന്നുള്ള വൈദ്യുതിപോക്ക് മൂലം വ്യാപാര സ്ഥാപനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞയിടെയായി ദിവസവും 50 പ്രാവശ്യമെങ്കിലും വൈദ്യുതി പോകുന്നുണ്ടെന്നാണു പരാതി. സെക്ഷന്‍ ഓഫിസ് പരിധി വിഭജിച്ച് കിഴക്കന്‍ മേഖലയ്ക്കു പുതിയ സെക്ഷന്‍ അനുവദിക്കുകയാണ് ഇതിനു പരിഹാരമെന്നു ജീവനക്കാര്‍ പറയുന്നു. 5000 ഉപയോക്താക്കളാണ് കെഎസ്ഇബിയില്‍ ഒരു ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധി.  ഇതില്‍ ചെറിയ തോതില്‍ വ്യത്യാസം വന്നേക്കാമെങ്കിലും ഇതിന്റെ അഞ്ചിരട്ടി  ഉപയോക്താക്കളാണ് എരുമേലി ഇലക്ട്രിക്കല്‍ സെക്ഷനു കിഴിലുള്ളത്്. ഒരു സെക്ഷനു വേണ്ട മുഴുവന്‍ ജീവനക്കാരുമിവിടെയുണ്ട്. പക്ഷെ,  നിലവില്‍ അഞ്ചു സെക്ഷനു വേണ്ട ഉപയോക്താക്കളും വിസ്തൃമായ സ്ഥലങ്ങളുമാണ് സെക്ഷന്‍ പരിധിക്കുള്ളിലുള്ളത്. ഒരു അസി. എന്‍ജിനീയര്‍, മൂന്ന് സബ് എന്‍ജിനീയര്‍മാര്‍, നാല് ഓവര്‍സിയര്‍മാര്‍, 14 ലൈന്‍മാന്‍മാര്‍, ആറ് മസ്ദൂര്‍,  എന്നിവരാണ് സേവനത്തിനുള്ളത്. വൈദ്യൂതി മുടക്കത്തെ തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷവും പതിവാകുകയാണ്. 200 കിമീറ്റര്‍ ചുറ്റളവിലാണ് സെക്ഷന്‍. പാറത്തോട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോരുത്തോട്, വെച്ചൂച്ചിറ, പെരുനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളും എരുമേലി പഞ്ചായത്ത് കൂടാതെ ഈ സെക്ഷനില്‍ ഉള്‍പ്പെടുന്നു. എരുമേലിയില്‍ നിന്ന് കിലോമീറ്റര്‍ അകലെയുള്ള പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി, നാറാണംതോട്, അയ്യന്‍മല, കേരളപ്പാറ, കിസുമം, അറയാഞ്ഞിലിമണ്ണ് പ്രദേശങ്ങള്‍ക്ക് വൈദ്യുതി സേവനം നല്‍കുന്നത് എരുമേലി സെക്ഷനില്‍ നിന്നാണ്. ഈ പ്രദേശങ്ങളിലേക്കും കണമല, പമ്പാവാലി, മൂക്കന്‍പെട്ടി, കാളകെട്ടി, എയ്ഞ്ചല്‍വാലി, മുക്കൂട്ടുതറ, മുട്ടപ്പള്ളി, ഇടകടത്തി തുടങ്ങി കിഴക്കന്‍ പ്രദേശങ്ങളിലേക്കും ആകെ രണ്ട് ജീവനക്കാരാണ് ദിവസവും സേവനത്തിനുള്ളത്. ഇവര്‍ക്ക് ഒരു പ്രദേശത്തെ പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല. കരാര്‍ ജീവനക്കാരെയും തൊഴിലാളികളെയും ഉപയോഗിച്ചാണ് പലപ്പോഴും വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കുന്നത്. എരുമേലിയിലേക്ക് മുണ്ടക്കയത്തു നിന്നും കാഞ്ഞിരപ്പളളിയില്‍ നിന്നുമാണ് വൈദ്യുതിയെത്തുന്നത്. തോട്ടങ്ങളിലൂടെയെത്തുന്ന വൈദ്യുതി മിക്കപ്പോഴും തടസ്സപ്പെടും. ഈ തകരാറുകള്‍ പരിഹരിക്കാന്‍ സെക്ഷന്‍ പരിധിയിലെ പണികള്‍ മാറ്റിവച്ചാണ് ജീവനക്കാരെത്തുന്നത്. സെക്ഷന്‍ വിഭജിച്ചാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും സേവനം കാര്യക്ഷമമാക്കാനും കഴിയും. കൂവപ്പള്ളി, വിഴിക്കത്തോട് പ്രദേശങ്ങളെ കാഞ്ഞിരപ്പള്ളി, പാറത്തോട് സെക്ഷനുകളിലേക്ക് കൂട്ടിച്ചേര്‍ക്കണമെന്ന് ആവശ്യമുണ്ട്. ഇതേപോലെ പെരുനാട്, വെച്ചൂച്ചിറ പഞ്ചായത്തിലെ പ്രദേശങ്ങളെയും എരുമേലി സെക്ഷനില്‍ നിന്നൊഴിവാക്കണം. എരുമേലി പഞ്ചായത്തിനുളളില്‍ ഒതുങ്ങിനില്‍ക്കുന്ന സ്ഥല പരിധി മാത്രമാക്കുകയോ സെക്ഷന്‍ വിഭജനം നടത്തുകയോ ചെയ്തില്ലങ്കില്‍ സബ് സ്റ്റേഷന്‍ കൊണ്ട് നാടിന് പ്രയോജനമുണ്ടാവില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
Next Story

RELATED STORIES

Share it