Kottayam Local

എരുമേലിയില്‍ ലൈഫ് പദ്ധതിയില്‍ ക്രമക്കേട് വിജിലന്‍സ് അന്വേഷണം തുടങ്ങി

എരുമേലി: വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടത് സ്വന്തമായി വീടും ഭൂസ്വത്തും ഉളളവരെയാണെന്ന് പരാതി. രണ്ടര ഏക്കര്‍ സ്ഥലം ഉള്ളയാളും ലൈഫ് ഗുണഭോക്താവായെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. എരുമേലി ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തി.
അപേക്ഷകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇടകടത്തി വാര്‍ഡിലെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ച പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഗ്രാമ വികസന സമിതി പ്രവര്‍ത്തകനായ പൂതിയോട്ട് ദാസ് ആണ് വിജിലന്‍സിന് പരാതി നല്‍കിയത്. ദാസിന്റെ അനുജനും ഹൃദ്‌രോഗിയുമായ കുട്ടപ്പനെ ഗുണഭോക്തൃ പട്ടികയില്‍ നിന്നൊഴിവാക്കിയതിന്റെ കാരണം തേടി ദാസ് നടത്തിയ അന്വേഷണമാണ് വിജിലന്‍സില്‍ പരാതി നല്‍കുന്നതിലെത്തിയത്.
ബിപിഎല്‍ ലിസ്റ്റില്‍പെട്ട പട്ടിക ജാതി അംഗമായ കുട്ടപ്പന്‍ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാല്‍ ദാസിന്റെ കുടുംബത്തോടൊപ്പമാണ് താമസം. ഹൃദ്‌രോഗി കൂടിയായ കുട്ടപ്പന്‍ ലൈഫ് പദ്ധതിയുടെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അന്തിമ പട്ടികയില്‍ കുട്ടപ്പന്‍ ഉള്‍പ്പടെ അര്‍ഹരായ പലരെയും ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവ ആണെന്ന വ്യാജ തെളിവ് നല്‍കി കൂടുതല്‍ മാര്‍ക്ക് നേടി അനര്‍ഹര്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
സ്വന്തമായ വീട് കഴിഞ്ഞയിടെ വിറ്റയാളും പട്ടികയിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ താമസം മാറിപ്പോയവര്‍, രണ്ടര ഏക്കര്‍ ഭൂമി ഉള്ളയാള്‍, നിലവില്‍ വീടുള്ളയാളെയും 30 മുതല്‍  50 സെന്റുവരെ ഭൂമി ഉള്ളവരെയും ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
ഗുണഭോക്താക്കളെ തിരഞ്ഞടുക്കാനായി വിവര ശേഖരണം നടത്തിയത് കുടുംബ ശ്രീ പ്രവര്‍ത്തകരായിരുനെന്നും എന്നാല്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത് ഇതിന് വിരുധമായാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഉദ്യോഗസ്ഥ തലത്തില്‍ കൃത്യവിലോപം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപേക്ഷകളും അര്‍ഹതാ മാനദണ്ഡങ്ങളും പരിശോധിച്ച് മാര്‍ക്ക് അനുവദിച്ചതിലെ മുന്‍ഗണനാക്രമത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it