Kottayam Local

എരുമേലിയില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചു

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് കാലയളവ് തീരുന്നതു വരെ എരുമേലി ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ക്യാരിബാഗിന്റെ വില്‍പ്പനയും ഉപയോഗവും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ നിക്ഷേപിക്കുന്നതും നിരോധിച്ച് കലക്ടര്‍ യു വി ജോസ് ഉത്തരവായി.
ഉത്തരവ് നവംബര്‍ 15ന് പ്രാബല്യത്തില്‍ വരും. ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ 2011ലെ കേരള പോലിസ് ആക്ടും ബന്ധപ്പെട്ട ഇതര നിയമങ്ങളും അനുസരിച്ചുള്ള ശിക്ഷാ നടപടി സ്വീകരിക്കും. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും ശബരിമലയിലേക്കുള്ള കാനനപാതയുടെ കവാടവുമായ എരുമേലിയില്‍ മണ്ഡലകാലത്ത് നിക്ഷേപിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിന്റെ അളവ് വര്‍ഷം തോറും കൂടി വരുന്നത് നിയന്ത്രിക്കുന്നതിനാണ് ഈ ഉത്തരവെന്ന് കലക്ടര്‍ പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്കു ശുചിത്വ മൈത്രി പദ്ധതിയുടെ ഭാഗമായി തുണി സഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനും അവരുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിക്കുന്നതിനും എരുമേലിയിലെ പ്രധാന പോയിന്റുകളിലും ജില്ലയിലെ പ്രധാന ഇടത്താവളങ്ങളിലും ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it