Kottayam Local

എരുമേലിയില്‍ ജല വിതരണം നിലച്ചെന്ന് പ്രചാരണം

എരുമേലി: എരുമേലിയില്‍ ജലവിതരണ വകുപ്പിന്റെ പമ്പ് ഹൗസ് വഴിയുള്ള ജലവിതരണം നിലച്ചെന്ന് പ്രചാരണം. സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി കലക്ടര്‍ അന്വേഷണം നടത്തി മിനിട്ടുകള്‍ക്കകം ഇലക്ഷന്‍ പ്രചാരണം മാത്രമാണെന്ന് സ്ഥിരീകരിച്ചു. കലക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഒയാണ് അന്വേഷണം നടത്തിയത്. ഇതിനുപുറമേ ജല അതോറിറ്റി ജില്ലാ എക്‌സി. എന്‍ജീനീയറും കാഞ്ഞിരപ്പള്ളി തഹസീല്‍ദാരും നിജസ്ഥിതിയറിയാനായി എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ജല അതോറിറ്റി മുണ്ടക്കയം സെക്ഷന്‍ അസി. എന്‍ജിനീയര്‍, എരുമേലി തെക്ക് വില്ലേജ് ഓഫിസര്‍ എന്നിവരോട് വിവരം തിരക്കി. പൂര്‍ണമായോ ഭാഗീകമായോ ജല വിതരണം നിലച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
ഇതോടെയാണ് പ്രചാരണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് ബോധ്യപ്പെട്ടത്. 47 വര്‍ഷം പഴക്കമുള്ള ചെറുകിട പദ്ധതിയിലൂടെയാണ് എരുമേലിയിലെ ജല വിതരണം. ശുദ്ധീകരണ പ്ലാന്റില്ലാതതിനാല്‍ ക്ലോറിനേഷനാണ് നടത്തുന്നത്. 24 മണിക്കൂറും ഒരേ പോലെ എല്ലായിടങ്ങളിലും വെള്ളം നല്‍കാനുള്ള ശേഷിയും സംവിധാനവും പദ്ധതിക്കില്ല. ആകെ ശബരിമല സീസണിലെ രണ്ടു മാസക്കാലത്ത് മാത്രമാണ് നിലവിലുള്ള രണ്ട് ഷിഫ്റ്റിനു പുറമേ അധികമായി ഒരു ഷിഫ്റ്റ് കൂടി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ഒരു വേനല്‍ക്കാലത്തും അധിക ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു. അധിക ഷിഫ്റ്റിനു കലക്ടര്‍ അനുമതി നല്‍കണം.
കഴിഞ്ഞ ദിവസം നടന്ന ജില്ലാ തല യോഗത്തില്‍ അധിക ഷിഫ്റ്റ് അനുമതി നിഷേധിച്ചിരുന്നു. പ്രതിദിനം നാലു മണിക്കൂര്‍ സമയം ഓരോ പ്രദേശത്തും വെള്ളമെത്തിക്കാനാണ് വേനല്‍കാലങ്ങളില്‍ എരുമേലിയിലെ പദ്ധതിക്ക് കഴിയുകയെന്ന് അധികൃതര്‍ പറഞ്ഞു. കിണറുകളിലേക്കു വരെ വെള്ളമെടുക്കുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്ന് സെക്ഷന്‍ അസി. എന്‍ജിനീയര്‍ പറഞ്ഞു.
പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ ജല അതോറിറ്റിയുടേത് അല്ലെന്ന്
എരുമേലി: എരുമേലി ടൗണിനു സമീപം പാലത്തിനരികില്‍ പതിവായി വെള്ളം ചോര്‍ന്നൊലിക്കുന്ന ജലവിതരണ കുഴല്‍ ജല അതോറിറ്റിയുടെതല്ലെന്ന് അധികൃതര്‍. ജല അതോറിറ്റിയുടെ കെടുകാര്യസ്ഥതമുലമാണ് വേനല്‍കാലത്ത് ഇങ്ങനെ വെള്ളം പാഴാക്കി കളയുന്നതെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് ജല അതോറിറ്റി നയം വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it