Kottayam Local

എരുമേലിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണം: ദേവസ്വം മന്ത്രി



എരുമേലി: ശബരിമല തീര്‍ത്ഥാടനകാലത്ത് എരുമേലിയി ല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. എരുമേലി ദേവസ്വം ഹാളില്‍ തീര്‍ത്ഥാടന മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ത്ഥാടന കാലത്ത് സൗജന്യ വൈഫൈയും ഹോട്‌സ്‌പോട്ടും ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ ഉറപ്പ് നല്‍കി. ഇതിന് സ്ഥലം നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. എക്‌സ്‌റേ യൂനിറ്റ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനെതിരേ യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു.തോട്ടില്‍ കക്കൂസ് ഔട്ട് ലെറ്റുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും പേട്ടതുള്ളലില്‍ ഉപയോഗിക്കുന്ന സിന്ദൂരം ഹാനികരമാണെന്ന് തെളിഞ്ഞാല്‍ നിരോധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. യോഗത്തി ല്‍ പ്ലാസ്റ്റിക് കുപ്പി വെള്ളം വിതരണം ചെയ്തത് ഇനി പാടില്ലെന്ന് മന്ത്രിയും കലക്ടറും പറഞ്ഞു. ശുചിത്വ പൂര്‍ണമായ തീ ര്‍ത്ഥാടനകാലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വകുപ്പുകള്‍ ഇതിനായി നടപടികള്‍ കര്‍ശനമാക്കണം. തിളപ്പിച്ചാറിയതും ചുക്കുവെള്ളവുമാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കേണ്ടത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാനും നിരോധിക്കാനും കഴിയണം. കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ പ്ലാസ്റ്റിക് ഒഴിവാക്കിയത് മന്ത്രി അനുസ്മരിച്ചു. ഒരു പ്ലാസ്റ്റിക് കുപ്പി പോലും ഭക്തരാരും കൊണ്ടുവന്നില്ല. നിരോധനം മൂലം ബുദ്ധിമുട്ടുണ്ടായെന്ന് ഭക്തരാരും പറഞ്ഞില്ല. ഇത്തവണയും ഇത് തുടരുകയാണ്. ഇത് എരുമേലിയിലും തുടരണം. 37 ഇടത്താവളങ്ങള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഭരണം തീരും മുമ്പ് ഇവയെല്ലാം ഇടത്താവളങ്ങളായി മാറ്റും. 10 കോടി രൂപയെങ്കിലും ഓരോ ഇടത്താവളത്തിലും ചെലവിടുമെന്ന് പറഞ്ഞ മന്ത്രി ചരിത്രത്തിലില്ലാത്ത വിധമാണ് ഇത്തവണ 304 കോടി രൂപ ശബരിമലയ്ക്കായി നല്‍കിയതെന്ന് പറഞ്ഞു. ഇനിയും എത്ര കോടി രൂപ വേണമെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. പക്ഷെ, അനുവദിച്ച തുക വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് ശബരിമലയിലെ പ്രശ്‌നം. പവിത്രതക്ക് കോട്ടം വരാത്ത പ്രവൃത്തികള്‍ മാത്രമേ ശബരിമലയില്‍ ചെയ്യാനാകൂ. കക്കൂസുകളില്‍ ഏകീകൃത നിരക്ക് ഈടാക്കുന്നത് സൗകര്യങ്ങള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കണമെന്ന് മന്ത്രി നി ര്‍ദേശിച്ചു. കൊരട്ടിയില്‍ കുളിക്കടവ് 150 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണമെന്നും തോട്ടില്‍ കക്കൂസ് കുഴലുകളില്ലെന്ന് ഉറപ്പാക്കണമെന്നും പി സി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനം ആരംഭിക്കുമെന്ന് കലക്ടര്‍ ഡോ. ബി എസ് തിരുമേനി അറിയിച്ചു. 63 കോടി ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാകാറായ പദ്ധതിയില്‍ നിന്ന് എരുമേലിയില്‍ ജലവിതരണം നടത്തുമെന്ന് ജല അതോറിറ്റി അറിയിച്ചു. 110 കെവി സബ്‌സ്‌റ്റേഷന്‍ ആയതോടെ ഇനി വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് കെഎസ്ഇബി ഉറപ്പ് നല്‍കി. ഭക്ഷ്യസാധനങ്ങളുടെ പരിശോധനയ്ക്ക് മൊബൈല്‍ ലാബ് സീസണില്‍ എരുമേലിയിലുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. 10 ദിവസങ്ങള്‍ക്കുള്ളില്‍ ഒരുക്കങ്ങളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്തും ദേവസ്വം ബോര്‍ഡും അറിയിച്ചു. ബോര്‍ഡംഗം അജയ് തറയില്‍, പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷനല്‍ ഐജി ശ്രീധരന്‍, എസ്പി മുഹമ്മദ് റെഫീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, തുടങ്ങിയവരും വിവിധ വകുപ്പു മേധാവികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it