Kottayam Local

എരുമേലിയില്‍ കോര്‍കമ്മിറ്റി; മാലിന്യമിട്ടാല്‍ പിഴ

എരുമേലി: ഇത്തവണ എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനം സുമഗമാക്കാന്‍ ഇതാദ്യമായി കോര്‍ കമ്മിറ്റി. ഒപ്പം മാലിന്യ നിര്‍മാര്‍ജനത്തിനായി കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനം. ഇന്നലെ എരുമേലി പോലിസ് സ്റ്റേഷനില്‍ നടന്ന യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട എരുമേലി ഉള്‍പ്പെടെ ആറ് സ്ഥലങ്ങളില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫിസര്‍മാരായി നിയമിക്കാന്‍ പോലിസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എരുമേലിയുടെ ചുമതല ഇന്നലെ ജില്ലാപോലിസ് മേധാവി സതീഷ് ബിനോയ്ക്ക് കൈമാറിയതിനെ തുടര്‍ന്നാണ് എരുമേലി പോലിസ് സ്റ്റേഷനില്‍ അടിയന്തര യോഗം ചേര്‍ന്നത്. യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി യു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇത്തവണ സീസണില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 100 പോലിസുകാര്‍ ഉള്‍പ്പെടെ ദിവസവും 400 പേര്‍ സേവനത്തിനുണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു.
കള്ളന്മാരെ കണ്ടുപിടിച്ച് പിടികൂടാന്‍ ആന്റി തെഫ്റ്റി സ്‌ക്വാഡ്, മയക്കുമരുന്ന അനധികൃത മദ്യലഹരി ഉപയോഗം പിടികൂടാന്‍ പോലിസ് എക്‌സൈസ് ഉള്‍പ്പെട്ട സ്‌ക്വാഡ് എന്നിവ പ്രത്യേകമായി പ്രവര്‍ത്തിക്കും. പോലിസ് കണ്‍ട്രോള്‍ റൂമില്‍ ഒരു സ്‌പെഷ്യല്‍ ഓഫിസറുടെ സേവനം 24 മണിക്കൂറും ഉണ്ടാവും. മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് വ്യാപാരികള്‍ ലൈസന്‍സ് ഫീസിന്റെ അത്രയും തുക സെക്യൂരിറ്റി തുകയായി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. വീഴ്ച വരുത്തുന്നവരുടെ സെക്യൂരിറ്റി തുക പിഴയായി സ്വീകരിക്കും. കംഫര്‍ട്ട് സ്റ്റേഷനുകള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ ആറുഭാഷകളില്‍ വില വിവരം പ്രദര്‍ശിപ്പിക്കണം. കടകളിലെ ജീവനക്കാര്‍ക്ക് പോലിസ് പരിശോധനക്ക് ശേഷം തിരിച്ചറിയില്‍ കാര്‍ഡ് നല്‍കും. ഒപ്പം ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡും നല്‍കും. ഇതില്ലാത്തവരെ കടകളില്‍ കണ്ടാല്‍ പിടികൂടി കേസെടുക്കും.
ടൗണിലെ ഫുട്പാത്തുകള്‍ സ്വതന്ത്രമാക്കും. സീസണ്‍ അവസാനിക്കുന്നതുവരെ പേട്ടകവല റോഡിലൂടെ വണ്‍വേ ട്രാഫിക് ഏര്‍പ്പെടുത്തും. ടിബിറോഡ് വീതി വര്‍ധിപ്പിച്ച് നവീകരിച്ചതിനാല്‍ സമാന്തര ഗതാഗതം പൂര്‍ണമായും ഇതുവഴിയും കൊരട്ടി-കണ്ണിമല റോഡ് വഴിയുമായി തിരിച്ചുവിടും. പമ്പാവാലി റോഡില്‍ പ്രപ്പോസ്-എംഇഎസ് റോഡ്, മുക്കൂട്ടുതറ- ഇടകടത്തി-കണമല റോഡുവഴിയാണ് ഗതാഗത ക്രമീകരണം നടത്തുക. ശബരിമല ഭരണം കഴിഞ്ഞ് കുമളിറൂട്ടിലേക്കമടങ്ങുന്ന വാഹനങ്ങള്‍ എരുമേലിയിലെത്താതെ തുലാപ്പള്ളി കുഴിമാവ് മുണ്ടക്കയം പാതവഴി തിരിച്ചുവിടും. യോഗത്തില്‍ മണിമല സിഐ അധ്യക്ഷനായി കോര്‍ കമ്മിറ്റി രൂപീകരിച്ചു. വിവിധ വകുപ്പുകളിലെ പ്രതിനിധികളാണ് കമ്മിറ്റി അംഗങ്ങള്‍. കമ്മിറ്റി യോഗങ്ങള്‍ എല്ലാ ആഴ്ചയിലും ചേര്‍ന്ന് വിലയിരുത്തും.
Next Story

RELATED STORIES

Share it