Kottayam Local

എരുമേലിയില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ശബരിമല ക്രമീകരണങ്ങള്‍ വിലയിരുത്തി



എരുമേലി: സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത എരുമേലിയിലെത്തി ആരോഗ്യ വകുപ്പിന്റെ ശബരിമല സീസണ്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. രണ്ട് മണിക്കൂറോളം ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന ശേഷമാണ് ഡയറക്ടര്‍ മടങ്ങിയത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെയും മുണ്ടക്കയത്തെ താലൂക്ക് ആശുപത്രിയിലെയും ക്രമീകരണങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. ഇത്തവണ ഈ ആശുപത്രികളിലും എരുമേലിയിലും പാമ്പിന്‍ വിഷ ചികില്‍സയ്ക്കു ക്രമീകരണങ്ങളായെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സീസണില്‍ ഡോക്ടര്‍മാരെയും അധിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ടെന്നു ഡയറക്ടര്‍ അറിയിച്ചു. എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും ഇന്റ്റന്‍സീവ് കെയര്‍ യൂനിറ്റുകള്‍ ശബരിമല സീസണിലേക്കു മാത്രമായി പ്രവര്‍ത്തിപ്പിക്കും. ഇതിന് ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ആംബുലന്‍സുകളും അനുവദിച്ചിട്ടുണ്ട്. മരുന്നുകളുടെ വിതരണം പൂര്‍ത്തിയാവാറായി. സര്‍ക്കാരിനെയും വകുപ്പിനെയും മോശപ്പെടുത്തുന്ന ഒന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടാവരുത്. ഭക്ഷ്യ വിഷബാധയും പകര്‍ച്ചവ്യാധിയും ഉണ്ടാവാതിരിക്കാന്‍ ജാഗരൂകരാവണം. അനധികൃതമായ ശൗചാലയങ്ങളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെ അനുമതിയോടെയായിരിക്കരുത്. തെറ്റാണെന്ന് ബോധ്യമായാല്‍ വകുപ്പിന്റെ പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ച് റിപോര്‍ട്ട് ചെയ്യണം. ഇക്കാര്യത്തില്‍ വീഴ്ചയോ താമസമോ പാടില്ല. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ അനുമതിയുണ്ടായിരുന്നെന്ന് ബോധ്യമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. ഏറ്റവും കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത ആരോഗ്യ വകുപ്പാണ് പ്രകടിപ്പിക്കേണ്ടതെന്ന് ഡയറക്ടര്‍ പറഞ്ഞു. ശുചീകരണം നടത്തുന്നതിനു വിശുദ്ധി സേനയെ കാര്യക്ഷമമായി വിനിയോഗിക്കണം. തോടും പുഴയും നദിയും കിണറുകളും മാലിന്യവാഹിനികളാകരുത്. മാലിന്യങ്ങളിടുന്നത് എത്ര ഉന്നതരായാലും നടപടികള്‍ സ്വീകരിച്ചിരിക്കണം. സൗകര്യങ്ങള്‍ പരിമിതമാണെന്ന് പറഞ്ഞ് ചുമതലകള്‍ പാലിക്കാതിരുന്നാല്‍ ഈ വകുപ്പില്‍ പിന്നെ ജോലി ചെയ്യാമെന്ന് കരുതേണ്ടെന്ന് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ അനുവദിച്ച സംവിധാനങ്ങള്‍ വളരെ ഉത്തരവാദിത്വമേറിയവയാണ്.ചില സൗകര്യങ്ങള്‍ ഒരു പക്ഷെ കുറവായിരിക്കും. അതിലും ഉപരിയാണ് അധികാരവും പ്രതിബദ്ധതയും. ഒരു കാരണവശാലും ആര്‍ക്കും ചികില്‍സ കിട്ടാതിരിക്കരുത്. നല്‍കുന്നത് ഏറ്റവും മെച്ചപ്പെട്ട സേവനമാക്കി മാറ്റണം. ഒപ്പം മാതൃകയായിരിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു. വകുപ്പിന്റെ  സംസ്ഥാന അഡീഷനല്‍ ഡയറക്ടര്‍ ഡോ.വിനോദ് പട്ടേരി, വകുപ്പ് മന്ത്രിയുടെ സെക്രട്ടറി വിനോദ്; ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, അസി.ഡയറക്ടര്‍ ഡോ.അനില്‍, സംസ്ഥാന മാസ് മീഡിയ ഓഫിസര്‍ അനില്‍ കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയ, എരുമേലി മെഡിക്കല്‍ ഓഫിസര്‍ സീന, ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it