Kottayam Local

എരുമേലിയിലെ അതിഥി മന്ദിരം: നവീകരണത്തിന് 1.7 കോടി ചെലവിടും

എരുമേലി: യാത്രയ്ക്കിടെ യാദൃശ്ചികമായി എരുമേലിയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മന്ത്രി ജി സുധാകരന്‍ വിശ്രമിക്കാനിറങ്ങിയത് നേട്ടമായി. അടിയന്തരമായി റസ്റ്റ് ഹൗസ് നവീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടാണ് മന്ത്രി മടങ്ങിയത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന് പ്രാഥമികാനുമതി ലഭിച്ചു. ഒപ്പം മന്തിയുടെ നിര്‍ദേശ പ്രകാരം റസ്റ്റ് ഹൗസിലെ വിഐപി മുറിയില്‍ എയര്‍ കണ്ടീഷനറും സ്ഥാപിച്ചു. ഇതോടൊപ്പം കെട്ടിടം പെയിന്റ് ചെയ്തു. ഇനി ഭരണാനുമതി കൂടി ലഭിച്ചാല്‍ നവീകരണത്തിനുളള നിര്‍മാണത്തിന് ടെന്‍ഡര്‍ നല്‍കാം.ദേവസ്വം വകുപ്പ് മന്ത്രിയായിരിക്കെ എരുമേലിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല തീര്‍ത്ഥാടനകാല യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മന്ത്രി ജി സുധാകരന്‍ റസ്റ്റ് ഹൗസില്‍ തങ്ങിയിരുന്നു. അന്നത്തെ പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ഇതുവരെ വികസനമുണ്ടാവാത്തത് വളരെ കഷ്ടമാണെന്നു കഴിഞ്ഞ ദിവസമെത്തിയപ്പോള്‍ അഭിപ്രായപ്പെട്ട മന്ത്രി നവീകരണത്തിന് ഉത്തരവിടുകയായിരുന്നു. 1.70 കോടി ചെലവിട്ട് പുതിയ ബ്ലോക്ക് നിര്‍മിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. റസ്റ്റ് ഹൗസിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിക്കുകയെന്ന് ജില്ലാ എക്‌സി.എന്‍ജിനീയര്‍ ഷീന രാജന്‍, അസി.എക്‌സി.എന്‍ജിനീയര്‍ മനേഷ് എന്നിവര്‍ അറിയിച്ചു. പുതിയ ബ്ലോക്കില്‍ വിഐപി മുറികളും സാധാരണ മുറികളും അടുക്കളയും ഡൈനിങ് ഹാളും ശൗചാലയങ്ങളും സ്‌റ്റോര്‍ റൂമും ഉണ്ടാവും. നിലവിലുള്ള കെട്ടിടം 32 വര്‍ഷം മുമ്പാണ് നിര്‍മിച്ചത്. ഉപമുഖ്യമന്ത്രിയായിരിക്കെ കെ അവുക്കാദര്‍കുട്ടി നഹയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1985 ഫെബ്രുവരി 24നായിരുന്നു ഉദ്ഘാടനം. റസ്റ്റ് ഹൗസ് ഉള്‍പ്പെടെ ഒന്നര ഏക്കറോളം സ്ഥലം മരാമത്ത് വകുപ്പിന്റെ സ്വന്തമാണ്. റസ്റ്റ് ഹൗസ് നിര്‍മിക്കപ്പെട്ടതോടെയാണ് രാജാപ്പടിയിലും റ്റിബി റോഡ് അവസാനിക്കുന്ന സബ് രജിസ്ത്രാര്‍ ഓഫിസ് ജങ്ഷനിലും പാലങ്ങള്‍ വീതികൂട്ടി പുനര്‍നിര്‍മിച്ച് ടൗണിലെ ഗതാഗതം സുഗമമായത്.
Next Story

RELATED STORIES

Share it