thrissur local

എരുമപ്പെട്ടി റോഡില്‍ അപകടം പതിയിരിക്കുന്നു

എരുമപ്പെട്ടി: ഉണങ്ങിയ മരക്കൊമ്പുകള്‍ വെട്ടിമാറ്റാത്തത് മൂലം എരുമപ്പെട്ടി റോഡില്‍ അപകടം പതിയിരിക്കുന്നു. വടക്കാഞ്ചേരി കുന്നംകുളം റോഡിലെ ഇരുവശങ്ങളിലുമായി നിരവധി മരങ്ങളിലാണ് കൊമ്പുകള്‍ ഉണങ്ങി നില്‍ക്കുന്നത്.
ആലത്തൂര്‍ ഗുരുവായൂര്‍ സംസ്ഥാന പാതകൂടിയായ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. കാലപ്പഴക്കം മൂലം കടഭാഗം ദ്രവിച്ചതും പൂര്‍ണമായും ഉണങ്ങിയതുമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ മുകളിലേക്ക് ഉണങ്ങിയ വലിയ ശാഖകള്‍ പൊട്ടിവീഴുന്നത് പതിവാണ്.
കഴിഞ്ഞ വര്‍ഷക്കാലത്ത് മരക്കൊമ്പുകളും ഉണങ്ങിയ മരങ്ങളും മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യവും ശക്തമായിരുന്നു.എന്നാല്‍ ആരും നടപടിയെടുത്തില്ല. അപകടങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് എരുമപ്പെട്ടി സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ നിന്നിരുന്ന പ്ലാവിന്റെ വലിയ കൊമ്പ് റോഡിലേക്ക് പൊട്ടിവീണത്.
പ്ലാവിന്റെ ജീര്‍ണാവസ്ഥ കണക്കിലെടുത്ത് രജിസ്റ്റര്‍ ഓഫിസ് കെട്ടിട ഉടമസ്ഥരും മുന്‍വശത്തെ കടയുടമകളും മരം മുറിച്ചു മാറ്റുന്നതിന് നിരവധി തവണ പഞ്ചായത്തില്‍ പരാതിപ്പെട്ടതാണ്. സബ് രജിസ്ട്രാര്‍ ഓഫിസിലേക്കും അടുത്തുള്ള പെട്രോള്‍ പമ്പിലേക്കുമായി നിരവധി വാഹനങ്ങള്‍ ഏതു നിമിഷവും വരികയും ഈ മരത്തിനടിയില്‍ നിര്‍ത്തിയിടുകയും പതിവാണ്. അപകടം നടന്നത് വൈകീട്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
2 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ റോഡില്‍ വെള്ളറക്കാട് വെച്ച് മരക്കൊമ്പ് പൊട്ടിവീണ് നവവരന്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അനേകം പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായ ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വഴിയാത്രക്കാരും നാട്ടുകാരും.
Next Story

RELATED STORIES

Share it