Life Style

എരിയുന്ന ഒലിവുചില്ലകള്‍

എരിയുന്ന ഒലിവുചില്ലകള്‍
X
 



.NILE RIVER






പി.ടി യൂനസ്‌



''ഇതൊരു ശ്മശാനമല്ല. ഈ മരുപ്പറമ്പില്‍ നിറഞ്ഞുകാണുന്ന കല്ലറകള്‍ വെറും ശവക്കോട്ടകളുമല്ല. ഈജിപ്ഷ്യന്‍ ചരിത്രത്തിന്റെ രൂഢമായ വേരുപടരുകളാണ് ഭൂപാളികള്‍ ചീന്തി ലോകത്തിനു മുന്നില്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്...''”

സര്‍പ്പരൂപം കൊത്തിയ ഊന്നുവടി താളത്തില്‍ ചുഴറ്റി, തലയിലെ യാങ്കിത്തൊപ്പി കാറ്റെടുക്കാതിരിക്കാന്‍ അമര്‍ത്തിപ്പിടിച്ച്, താഴ്ന്നിറങ്ങിയ മൂക്കുകണ്ണടയ്ക്കു മുകളിലൂടെ തിളക്കമാര്‍ന്ന ദൃഷ്ടിശരങ്ങളില്‍ ഞങ്ങളെ കോര്‍ത്തുനിര്‍ത്തി ഖാലിദ് സെയ്ദ്. മരുക്കാറ്റിന്റെ പശ്ചാത്തലസംഗീതത്തെ ഭേദിക്കുന്ന മുഴക്കന്‍ ശബ്ദത്തില്‍ അയാള്‍ എന്നോടു  കയര്‍ക്കുകയാണ്.

നൈല്‍തീരത്തെ 'രാജതാഴ്‌വര'യിലാണ് ഞാന്‍. ചുവന്ന തരിശുമലകള്‍ കാവല്‍നില്‍ക്കുന്ന ഇടുങ്ങിയ താഴ്‌വാരം നിറയെ കിളച്ചെടുത്ത ശവക്കല്ലറകള്‍ മാത്രം. പൗരാണിക വര്‍ണരേഖകളും ചിത്രലിഖിതങ്ങളും ഉല്ലേഖനം ചെയ്ത ഒരു കല്ലറഭിത്തിക്കരികില്‍ വെട്ടിമാറ്റാന്‍ വിട്ടുപോയൊരു പാറക്കല്ലിനു മുകളില്‍ കയറി രോഷാകുലനായി അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു: ''ലോകചരിത്രത്തില്‍ ആര്‍ക്കു സ്വന്തമായുണ്ട് ഇത്ര പ്രൗഢമായൊരു രാജ്യചരിത്രം? ശക്തരും അജയ്യരുമായ പ്രജാപതികളായിരുന്നു ഞങ്ങളുടെ ഫറോവമാര്‍. ഈ നാടിനെയും സംസ്‌കാരത്തെയും ലോകോത്തരം ഉയര്‍ത്തിയവര്‍. മരണത്തെപ്പോലും മറികടക്കാന്‍ പറ്റിയ രാസച്ചാര്‍ത്തുകള്‍ സമാഹരിച്ച ആ മഹാരാജാക്കന്‍മാര്‍ അനശ്വരതയിലേക്കു പലായനം ചെയ്ത കല്‍വഴികളാണിത്...

മിസ്‌റിലെ ഫറോവമാര്‍ കേവലം രാജാക്കന്‍മാര്‍ മാത്രമായിരുന്നില്ല. അവര്‍ മണ്ണിലേക്കിറങ്ങിനിന്ന മനുഷ്യദൈവങ്ങളായിരുന്നു. അവരുടെ തിരുശേഷിപ്പുകള്‍ക്കുനേരെ അനാദരവോടെയുള്ള ഒരു തിരിഞ്ഞുനോട്ടം പോലും ശാപഹേതുവാണെന്നോര്‍ക്കണം''- പറഞ്ഞുനിര്‍ത്തുമ്പോള്‍ ഖാലിദ് കിതയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖം തുടുത്തും കണ്ണുകള്‍ ചുവന്നുകലങ്ങിയുമിരുന്നു. രോഷം നിര്‍ത്തി കരിങ്കല്‍ത്തിണ്ണയില്‍ കുനിഞ്ഞമര്‍ന്നിരുന്ന് സ്വബോധം വീണ്ടെടുക്കുകയാണ് അയാള്‍.

യാത്രാരംഭം മുതല്‍ ശവക്കല്ലറകളും സൂര്യദേവാലയങ്ങളും മാത്രം കണ്ട് മനം മടുത്ത അര്‍ജന്റീനിയന്‍ സഞ്ചാരി അരാന്റോവിന്റെ വ്യംഗ്യമായ പദപ്രയോഗമാണ് ആ ഫറോവഭക്തനെ ഇവ്വിധം ക്ഷോഭിപ്പിച്ചത്. ഖാലിദ് എന്റെ വഴികാട്ടിയാണ്; ഈജിപ്തിലെ അസ്വാനില്‍ നിന്ന് ലക്‌സറിലേക്ക് നൈല്‍നദിയിലൂടെ ഒഴുകിനീങ്ങുന്ന ഉല്ലാസനൗക ഇടത്താവളങ്ങളില്‍ നങ്കൂരമിറക്കുമ്പോള്‍ തീരങ്ങളിലെ ചരിത്രവിസ്മയങ്ങള്‍ സഞ്ചാരികള്‍ക്കു പരിചയപ്പെടുത്തുന്ന വഴികാട്ടി.




ലോകചരിത്രത്തില്‍ ആര്‍ക്കു സ്വന്തമായുണ്ട് ഇത്ര പ്രൗഢമായൊരു രാജ്യചരിത്രം? ശക്തരും അജയ്യരുമായ പ്രജാപതികളായിരുന്നു ഞങ്ങളുടെ ഫറോവമാര്‍'' - രോഷാകുലനായി അയാള്‍ പറഞ്ഞു.




ഊര്‍ധശ്വാസത്തോടെ നടന്ന ഖാലിദിനു പിറകിലായി അനുസരണയോടെ കല്ലറകളുടെ ചരിത്രവിസ്മയങ്ങളിലേക്കു ഞാനും നടന്നിറങ്ങി. ഫറോവമാരെല്ലാം പിരമിഡുകളിലല്ല അന്ത്യനിദ്രകൊള്ളുന്നത്. അതിപുരാതന ഫറോരാജവംശത്തില്‍പ്പെട്ടവര്‍ മാത്രമാണിവിടെ. അവരുടെ പിന്‍ഗാമികള്‍ പക്ഷേ, വിദൂരതയിലെ രാജതാഴ്‌വരയില്‍ (വാലി ഓഫ് ദ കിങ്‌സ്) വെട്ടിയൊരുക്കിയ ചിത്രപ്പണികളാല്‍ അലങ്കരിച്ച കല്‍വീടുകള്‍ക്കകത്താണ് അനശ്വരത തേടിയത്.

അവിടെ രാസസംസ്‌കരണം ചെയ്യപ്പെട്ട രാജദേഹങ്ങള്‍ എന്നോ തിരിച്ചെത്തുമെന്നു കരുതുന്ന ദേഹികളെ കാത്തുകിടന്നു. കൂട്ടിന് അമൂല്യമായ നിധികുംഭങ്ങളും. നിധി തേടിയെത്തിയ മരുക്കൊള്ളക്കാര്‍ വികൃതമാക്കാതെ ബാക്കിവച്ച ശരീരങ്ങളും ഉപേക്ഷിച്ചുപോയ സമ്പത്തും ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്കു കാഴ്ചവസ്തുക്കളായി മാറ്റപ്പെട്ടിരിക്കുന്നതിനാല്‍ രാജതാഴ്‌വരയില്‍ കഥപറയുന്ന കല്‍ച്ചുവരുകളല്ലാതെ മറ്റൊന്നും ഇന്നു ശേഷിപ്പില്ല. കല്ലറകളില്‍നിന്നു കല്ലറകളിലേക്കു ഖാലിദ് ചാടിനടന്നു.

അയാള്‍ക്കിതൊരു തൊഴില്‍ മാത്രമല്ല, സ്വന്തം പാരമ്പര്യത്തിന്റെ പുളകങ്ങളാണ്. നിഗൂഢതകള്‍ കാണിച്ചുതന്നും ഫറോവമാരുടെ വൈഭവങ്ങളെക്കുറിച്ചും പ്രജാക്ഷേമതാല്‍പ്പര്യത്തെക്കുറിച്ചും ചിത്രലിഖിതങ്ങളുടെ അകംപൊരുളുകളെക്കുറിച്ചും ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് അയാള്‍ മുന്നില്‍ നടന്നു. താഴ്‌വരകളിലെ മണ്‍കൂനകള്‍ക്കിടയിലൂടെ സീല്‍ക്കാരത്തോടെ വീശിയ വരണ്ട കാറ്റിന്റെ ആലോലങ്ങളില്‍ മുങ്ങിയും തങ്ങിയും ഖാലിദിന്റെ വാക്കുകള്‍ ഒരു താരാട്ടായി.

തെളിമങ്ങിയ കാഴ്ചകള്‍ കണ്ടു കൗതുകത്തോടെ ഞാന്‍ പിറകെ നടക്കുമ്പോള്‍ രാജതാഴ്‌വരയിലെ ഒരു ഭീമന്‍ കല്ലറഭിത്തിയില്‍ കൊത്തിവച്ച വര്‍ണരേഖാചിത്രം എന്നെ പിടിച്ചുനിര്‍ത്തി; അരുതേയെന്നു കൈയുയര്‍ത്തി ദൈന്യത്തോടെ അപേക്ഷിക്കുന്ന കൊച്ചുമനുഷ്യരെ മുടിച്ചുറ്റില്‍ ചുറച്ചുപിടിച്ച് നിഗ്രഹിക്കാന്‍ മഴുവോങ്ങി നില്‍ക്കുന്ന ഫറോവയുടെ ചിത്രം.

ഉഗ്രപ്രതാപിയായിരുന്ന റംസീസ് രണ്ടാമന്റെ കല്ലറഭിത്തി. ചിത്രം എന്റെ ശ്രദ്ധ റാഞ്ചിയെന്നറിഞ്ഞ ഖാലിദ് ആ ഭിത്തിയോടു ചേര്‍ന്നുനിന്നു ചരിത്രവിശകലനം തുടങ്ങി: ''ഫറോവമാര്‍ അടിമകളെ ഗളച്ഛേദം ചെയ്തു കൊന്നൊടുക്കിയിരുന്നു എന്ന് ഈജിപ്ഷ്യന്‍ വിരോധികള്‍ പറഞ്ഞുനടക്കാറുണ്ട്. ഇത്തരം ചിത്രങ്ങളില്‍ നോക്കിയാണ് ഇവരിതു പ്രചരിപ്പിക്കുന്നത്. പക്ഷേ, രാജ്യദ്രോഹികളെയും കലാപകാരികളെയും സ്വകരങ്ങളാല്‍ നിഗ്രഹിച്ച് രാഷ്ട്രഭദ്രത കാത്തുസൂക്ഷിച്ചതിന്റെ ഓര്‍മക്കുറിപ്പ് മാത്രമാണ് ഈ ചിത്രങ്ങള്‍. ഫറോവമാര്‍ സ്വേച്ഛാധിപതികളായി നാടുവാണവരല്ല. പൊതുസമൂഹത്തിലെ ഭൂരിപക്ഷത്തെ പ്രതിനിധീകരിച്ച സഭകളും മന്ത്രിമാരും നിര്‍ണയിച്ചതായിരുന്നു പ്രാചീന ഈജിപ്തിലെ രാജ്യഭരണം.''ഒരു ചരിത്രരേഖയുടെ നിഗൂഢത എനിക്കു മുന്നില്‍ അനാവൃതമാക്കി സ്വയംസംതൃപ്തിയോടെ തലയുയര്‍ത്തി ഊന്നുവടി വായുവില്‍ വേഗത്തില്‍ ചുഴറ്റി, എന്റെ നീരസം ഒട്ടും ഗൗനിക്കാതെ  ശവക്കുഴിപ്പെരുമകളിലൂടെ അയാള്‍ നടത്തം തുടര്‍ന്നു. ഏറെ നാളുകളായി ഈജിപ്തിന്റെ സാംസ്‌കാരികപ്പെരുമയിലൂടെ ഒരു യാത്രയ്ക്കു കൊതിക്കുന്നു.

കുഞ്ഞുനാള്‍ മുതല്‍ സാമൂഹ്യപാഠ പുസ്തകങ്ങളിലും വിശുദ്ധ വേദപുസ്തകത്തിലും അടുത്തറിഞ്ഞ ഈ ചരിത്രഭൂമിയിലൂടെ രണ്ടു വാരം നീണ്ടുനില്‍ക്കുന്ന ഒരന്വേഷണയാത്രയ്ക്കായി കെയ്‌റോയില്‍ വന്നിറങ്ങിയിട്ട് അഞ്ചുദിവസം പിന്നിട്ടു.

ഈജിപ്തിന്റെ മണ്ണു തൊട്ട ദിനം മുതല്‍ കേട്ടുതുടങ്ങിയതാണു‘തെറ്റിദ്ധരിപ്പിക്കപ്പെട്ട ഫറോവമാരുടെ ചൊല്‍ക്കഥകള്‍. അസ്വാനില്‍നിന്ന് നൈല്‍സഞ്ചാരം തുടങ്ങുന്നതിനു മുമ്പ് ഗിസയിലും കെയ്‌റോയിലും ചെലവഴിച്ച ദിവസങ്ങളില്‍ കൂട്ടുപോന്ന വഴികാട്ടികള്‍ക്കു പറയാനുണ്ടായിരുന്നതും രാജധര്‍മത്തിന്റെയും രാഷ്ട്രസുരക്ഷയുടെയും പ്രജാക്ഷേമത്തിന്റെയും ദുഷ്ടനിഗ്രഹത്തിന്റെയും നിറം പിടിപ്പിച്ച കഥകള്‍ മാത്രമായിരുന്നു. വര്‍ത്തമാനലോക രാഷ്ട്രീയ വാര്‍ത്തകളില്‍ കേട്ടു പരിചയിച്ച രാഷ്ട്രതന്ത്രം.

ഭരണവ്യവസ്ഥകള്‍ പൗരാണികമോ നവീനമോ രാജകീയമോ ജനകീയമോ തന്നെയായാലും ഭരണഭീകരതകള്‍ വാഴ്ത്തിപ്പറയാന്‍ മനുഷ്യര്‍ കണ്ടെത്തിയ വിചിത്ര ന്യായങ്ങള്‍ എന്നും ഒന്നുതന്നെ. നാലുനാള്‍ മുമ്പ് ഗിസയിലെ പൈതൃകഭൂമിയില്‍ എത്തിയപ്പോള്‍ മാനം മുട്ടിനില്‍ക്കുന്ന പിരമിഡുകള്‍ വ്യാഖ്യാനിച്ചുതന്നത് ഈജിപ്ഷ്യന്‍ സുന്ദരി സഹ്‌റാ ബിന്‍ത്.





farovaചെറുതും വലുതുമായ പിരമിഡുകള്‍ നിറഞ്ഞുനിന്ന മരുപ്പാടത്തില്‍ ദിശ മാറി വീശുന്ന ശീതക്കാറ്റിനു പിന്തിരിഞ്ഞുനില്‍ക്കാനായി വട്ടംചുറ്റിയും മുഖത്തേക്കു പാറിവീഴുന്ന മുടിയിഴകള്‍ വകഞ്ഞുമാറ്റിയും പിരമിഡുകളെ അതിശയിപ്പിക്കുന്ന ആത്മവിശ്വാസത്തോടെ സഹ്‌റ എനിക്കു മുന്നില്‍ പിരമിഡ് നിര്‍മാണകഥയുടെ പാഠം ചൊല്ലി: ''അടിമപ്പണി ചെയ്യിച്ചല്ല ഫറോവമാര്‍ പിരമിഡുകള്‍ നിര്‍മിച്ചത്.ഈ നാടിന്റെ ചരിത്രമാഹാത്മ്യത്തോട് അസൂയ കാട്ടുന്നവര്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളാണത്. സാധാരണ പൗരന്‍മാര്‍ അന്ന് ഏറെയും താമസിച്ചതു നൈല്‍നദിക്കരയിലായിരുന്നു. കൃഷിചെയ്തും കന്നുകാലികളെ പോറ്റിയും ജീവിതം ഉന്തിനീക്കിയ ഈ അടിസ്ഥാനവര്‍ഗം പക്ഷേ, നൈല്‍നദിയില്‍ ജലവിതാനമുയരുന്ന പ്രളയനാളുകളില്‍ തൊഴില്‍രഹിതരാവും. ഈ ദുരിതകാലത്താണ് പിരമിഡ് നിര്‍മാണജോലി നല്‍കി രാജാവ് അവരെ സംരക്ഷിച്ചത്.കരവഴിഞ്ഞൊഴുകുന്ന നൈലിലൂടെ തെക്കന്‍ദേശത്തുനിന്നു വെട്ടിയെടുത്ത ഭീമന്‍കല്ലുകള്‍ അനായാസം ഗിസയില്‍ എത്തിക്കാന്‍ സാധിച്ചിരുന്ന കാലങ്ങളില്‍ മാത്രം നിര്‍മാണപ്രവൃത്തികള്‍ നടന്നതിനാലാണു പിരമിഡുകള്‍ പൂര്‍ത്തിയാക്കാന്‍ കാലദൈര്‍ഘ്യം വന്നത്. ജനങ്ങള്‍ ആഹ്ലാദത്തോടെ കൊണ്ടാടിയ ഈ നിര്‍മാണോത്സവമാണ് ഇന്നു ഞങ്ങള്‍ക്കെതിരേ ദുഷ്ടചരിത്രകാരന്മാര്‍ പുനര്‍വ്യാഖ്യാനിക്കുന്നത്...''”സഹ്‌റയുടെ മയ്യെഴുതിയ കണ്ണുകളില്‍ രോഷമുണ്ടായിരുന്നു.

ഒരു ദേശീയപക്ഷപാതജ്വരം ഏതു നാട്ടുകാരെപ്പോലെയും ഈ ഈജിപ്ഷ്യന്‍ സുന്ദരിയിലും തീവ്രമായി അടിഞ്ഞുനില്‍ക്കുന്നു. പിരമിഡുകള്‍ക്കരികില്‍നിന്നു കുഴിച്ചെടുത്ത പൗരാണിക ജലനൗകയെയും മരുപ്പറമ്പില്‍ കാവല്‍ നിര്‍ത്തിയ സ്ഫിങ്ക്‌സ് പ്രതിമയെയും കെയ്‌റോ മ്യൂസിയത്തിലെ ഫറോവമാരുടെ തിരുശേഷിപ്പുകളെയും മമ്മിയാക്കി സൂക്ഷിച്ച രാജശരീരങ്ങളെയും പരിചയപ്പെടുത്തിയപ്പോഴും സഹ്‌റ ഉല്‍സാഹിച്ചതും ഫറോവാ ചരിത്രപുളകം വ്യാഖ്യാനിക്കാന്‍ തന്നെയാണ്.

ഇതുതന്നെയാണ് ഇന്നു ഖാലിദ് എനിക്കു പറഞ്ഞുതരുന്നതും. അതിജീവിക്കുന്ന പ്രമാണങ്ങളെയും ചരിത്രസാക്ഷ്യങ്ങളെയും വകഞ്ഞുമാറ്റി ഭരണകൂട ഭീകരതകളെ രാജ്യസ്‌നേഹകര്‍മങ്ങളാക്കി പുനരവതരിപ്പിക്കാന്‍ വര്‍ത്തമാനകാല ചരിത്രനിര്‍മാതാക്കള്‍ക്ക് അനായാസം സാധ്യമാണെന്നത് നമുക്കു നിത്യാനുഭവമായിരിക്കെ കല്ലുകളും ചിത്രങ്ങളും മാത്രം ചരിത്രം പറയുന്ന ഫറോവമാരെ മഹത്ത്വവല്‍ക്കരിക്കാന്‍ ഈജിപ്ഷ്യന്‍ സഞ്ചാരസഹായികള്‍ക്ക് ഏറെ ക്ലേശിക്കേണ്ടതില്ല.

ഖാലിദും സഹ്‌റയും എത്ര വിശകലനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചാലും മാനംതൊട്ടു നില്‍ക്കുന്ന ഭീമാകാരമായ കല്ലുകളും കല്ലറകളിലെ വര്‍ണവരകളും പറയാതെ പറയുന്നത് അടിമപ്പണിക്കാരുടെ പീഡാനുഭവകഥകള്‍ തന്നെയാണ്. അവയിലൊക്കെയും ഒരായിരം സാധുമനുഷ്യരുടെ ഗദ്ഗദങ്ങളും കണ്ണീരും ഖനീഭവിച്ചുനില്‍ക്കുന്നു. ഈ കല്‍ക്കോട്ടകളിലെ ചതഞ്ഞരഞ്ഞ മനുഷ്യജന്മങ്ങളുടെ ദൈന്യരോദനങ്ങളായിരിക്കാം ഈ കരിമ്പാറക്കോട്ടകളില്‍ ചൂളംവിളിയായി നമ്മെ അലോസരപ്പെടുത്തുന്നത്.

ഞങ്ങള്‍ താഴ്‌വരയില്‍നിന്നു മടങ്ങുകയാണ്, നൈലിന്റെ ഹരിതതീരത്തിലേക്ക്. മുഷിഞ്ഞുണങ്ങിയ കൊച്ചുകൊച്ചു ഈജിപ്ഷ്യന്‍ ഗ്രാമങ്ങളിലൂടെയും നീണ്ടുപോകുന്ന വീതി കുറഞ്ഞ ചരിത്രപാതകളിലൂടെയുമാണു മടക്കയാത്ര. ഇരുപുറവുമുള്ള കൃഷിഭൂമിയില്‍ വാഴയും തക്കാളിയും നൃത്തം ചെയ്യുന്ന പരുത്തിക്കൃഷിത്തോട്ടങ്ങളും. കവലമുക്കുകളില്‍ കൂട്ടംകൂടി ബഹളംവയ്ക്കുന്ന മുഷിഞ്ഞ ഗ്രാമീണര്‍. യാത്രയിലുടനീളം ഖാലിദ് പ്രാചീന ഈജിപ്തിലെ ദൈവങ്ങളുടെ കഥപറയുകയായിരുന്നു. സൂര്യദേവനായ റായുടെ ശാപത്തെ മറികടന്ന് ആകാശദേവിക്കു മക്കളുണ്ടായ കഥ. ഐസയുടെ ഭര്‍ത്താവും സഹോദരനുമായ ഒസിരിസിനെ കൊന്ന് തുണ്ടമാക്കി നൈലില്‍ വിതറിയ ദുഷ്ടസഹോദരന്‍ സെറ്റ്, ഐസയുടെ കണ്ണീരില്‍ വര്‍ഷംതോറും കരകവിയുന്ന നൈല്‍നദി, ഭാവിയിലെന്നോ വരാനിരിക്കുന്ന വന്‍യുദ്ധത്തില്‍ നൈലില്‍ വച്ച് സെറ്റിനെ തകര്‍ത്തു നന്മദേവന്‍മാര്‍ നല്‍കുന്ന പരമമോക്ഷം പ്രാപിക്കാനായി പിരമിഡുകളിലും രാജതാഴ്‌വരയിലും കാത്തിരിക്കുന്ന ഫറോവമാരുടെ കഥകള്‍... കഥ കേട്ടും കനവില്‍ കണ്ടും നൈല്‍തീരത്തു തിരികെയെത്തി. കൂടുതല്‍ വര്‍ത്തമാനം പറയാന്‍ ഖാലിദിനെ കൂടെ കൂട്ടി.

അയാള്‍ ആത്മവിശ്വാസത്തോടെ എനിക്ക് അഭിമുഖമിരുന്നു. കേവലനായ ഒരു വഴികാട്ടിയല്ല ഖാലിദ്. സര്‍വകലാശാലകളില്‍ ഈജിപ്ഷ്യന്‍ ചരിത്രം പഠിപ്പിച്ചിരുന്ന ചരിത്രാധ്യാപകനാണ്. അയാളുടെ വാക്കുകള്‍ക്കു മിഴിവും മുഴക്കവുമുണ്ട്. ഖാലിദിന്റെ വര്‍ത്തമാനത്തിനു തടയിട്ടുകൊണ്ട് ഞാന്‍ വിനീതനായ ഒരു അന്വേഷകനായി: ''ഖാലിദ്, ദിവസങ്ങളായി താങ്കള്‍ ഫറോവമാരുടെ വിഭ്രമിപ്പിക്കുന്ന ഭൂതകാലത്തിലേക്ക് എന്നെ വഴിനടത്തുകയായിരുന്നു. ഇതിനിടയിലൊന്നും ഉഗ്രപ്രതാപിയായ ഒരു ഫറോവയെ കടലില്‍ മുക്കി, അടിമകളായിരുന്ന ഇസ്രാഈല്‍ ജനതയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മൂസ എന്ന പ്രവാചകന്റെ നിയോഗകഥ ഇതുവരെയും താങ്കള്‍ പറഞ്ഞുകേട്ടില്ലല്ലോ?'' അക്ഷോഭ്യനായി ഖാലിദ് പറഞ്ഞുതുടങ്ങി.

അയാള്‍ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ചോദ്യം പോലെ: ''താങ്കള്‍ അന്വേഷിക്കുന്നതു വേദഗ്രന്ഥങ്ങളില്‍ പറയപ്പെടുന്ന മൂസാനബിയുടെ കാര്യമല്ലേ?''”''അതെ.''”''മൂസ ഒരു ഫറോവയുമായും യുദ്ധം ചെയ്തിട്ടില്ല. ഒരു രാജാവിനെയും മുക്കിക്കൊന്നിട്ടുമില്ല. മൂസയ്ക്കു പിറകെ ഓടിയ ഒരു ഫറോവ കടലില്‍ മുങ്ങിമരിച്ചു എന്നതു മാത്രമാണ്.

ഏതു ഫറോവയാണെന്നത് തര്‍ക്കമാണെങ്കിലും റംസീസ് രണ്ടാമനാണെന്ന് വിശ്വസിക്കപ്പെടുന്നു. താങ്കള്‍ അറിയണം, റംസീസ് രണ്ടാമനു ശേഷവും ഈജിപ്ത് ഭരിച്ചത് ഫറോവമാര്‍ തന്നെയായിരുന്നു...''”അറബിയിലേക്ക് അറിയാതെ വഴുതുന്ന ഇംഗ്ലീഷില്‍ ഖാലിദ് വാചാലതയുടെ വിസ്മയം തീര്‍ത്തു: ''താങ്കളീ ലോകസംഭവങ്ങളൊന്നും അറിയുന്നില്ലേ? മധ്യപൗരസ്ത്യദേശത്തു മാത്രമല്ല, ലോകത്തിലെ തന്നെ സമ്പത്തും സമാധാനവും കൈയിലെടുത്തു പന്താടുകയാണ് ഇസ്രായേലും ജൂതരും. ആ വൃത്തികെട്ട ആര്‍ത്തിക്കൂട്ടത്തെ ഈജിപ്തിന്റെ വിശുദ്ധമണ്ണില്‍നിന്നു കടത്തിക്കൊണ്ടുപോയി ഇവിടം ശുദ്ധീകരിച്ച മഹാനെന്ന നിലയില്‍ ഞങ്ങള്‍ക്ക് മൂസാ പ്രവാചകനോട് കടപ്പാടുകളുണ്ട്.'' ഞാന്‍ ഖാലിദിന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നു. അപ്പോള്‍ അയാളുടെ വിചിത്ര ചരിത്രനിരീക്ഷണം കൂടുതല്‍ പ്രൗഢമായി, മുഖം പ്രശാന്തവും. എത്ര ലളിതമായാണ് ഈജിപ്ഷ്യന്‍ മണ്ണിലെ ഒരു പ്രവാചകദൗത്യത്തെ ഖാലിദ് വ്യാഖ്യാനിച്ചുതന്നത്!

മൂസാപ്രവാചകന്‍. സെമിറ്റിക് മതങ്ങളെല്ലാം സ്‌നേഹാദരങ്ങളോടെ നെഞ്ചേറ്റിയ മഹാന്‍. ലോകാന്ത്യം വരെ മനുഷ്യര്‍ക്ക് ജീവിതദര്‍ശനമായിരിക്കാന്‍ ദൈവത്തില്‍നിന്ന് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനില്‍ മറ്റേതു പ്രവാചകനേക്കാള്‍ കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട പേരും ചരിത്രവും.

⌈സമ്പത്തും സമാധാനവും കൈയിലെടുത്തു പന്താടുകയാണ് ഇസ്രായേലും ജൂതരും. ആ വൃത്തികെട്ട ആര്‍ത്തിക്കൂട്ടത്തെ ഈജിപ്തിന്റെ വിശുദ്ധമണ്ണില്‍നിന്നു കടത്തിക്കൊണ്ടുപോയി ഇവിടം ശുദ്ധീകരിച്ച മഹാനെന്ന നിലയില്‍ ഞങ്ങള്‍ക്ക് മൂസാ പ്രവാചകനോട് കടപ്പാടുകളുണ്ട്.⌋


ദൈവം മണ്ണിലേക്കിറങ്ങിവന്നു നേരില്‍ സംസാരിച്ച ഒരേയൊരു പ്രവാചകന്‍. ഈ പ്രവാചകന്റെ മഹാദൗത്യത്തെയാണ് ഖാലിദ് ഈജിപ്തിന്റെ തൂപ്പുജോലിയായി വ്യാഖ്യാനിച്ചത്! ഫറോവനിഗ്രഹമോ ഈജിപ്ഷ്യന്‍ രാജകൊട്ടാരമോ മൂസയുടെ ലക്ഷ്യമായിരുന്നില്ല. ചെങ്കടല്‍ കടന്നതില്‍പ്പിന്നെ ഫറോവമാരെയും തേടി മൂസയും സംഘവും തിരികെ വന്നിട്ടുമില്ല. പിന്നെ എന്തായിരുന്നു ആ മഹാജീവിതത്തിന്റെ നിയോഗം? എന്തിനായിരിക്കാം വിശുദ്ധഗ്രന്ഥം മൂസാ പ്രവാചകന്റെ ചരിത്രം പലവുരു ആവര്‍ത്തിച്ചത്?

മറ്റു പ്രവാചകരില്‍നിന്ന് ഈ പ്രവാചകദൗത്യം എന്തിനിത്ര വ്യത്യസ്തമായി? ഖാലിദിന്റെ ചരിത്രനിരീക്ഷണം കലുഷിതമാക്കിയ മനസ്സുമായി ഞാന്‍ നൈല്‍ താവളത്തിലേക്കു തിരികെ പോയി. മൂന്നുനാള്‍ നീണ്ട ജലയാത്രയ്ക്ക് വിരാമമിട്ട് നൈലിനോടു യാത്രപറയും മുമ്പൊരു വിശ്രമം.

(തുടരും)































Next Story

RELATED STORIES

Share it