World

എരിത്രിയയില്‍ 25 വര്‍ഷമായി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍; 4,00,000ഓളം പേരെ ഭരണകൂടം അടിമകളാക്കി

ന്യൂയോര്‍ക്ക്: കഴിഞ്ഞ 25 വര്‍ഷമായി എരിത്രിയന്‍ സര്‍ക്കാര്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിവരുകയാണെന്ന് യുഎന്‍ അന്വേഷണസംഘം. 4,00,000ഓളം പേരെയാണ് ഇക്കാലയളവില്‍ എരിത്രിയന്‍ ഭരണകൂടം അടിമകളാക്കി വച്ചത്.
ഇതിനുപുറമേ അനധികൃത തടവ്, തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ 1991മുതല്‍ എരിത്രിയന്‍ സര്‍ക്കാര്‍ നടത്തിയതായും ഇന്നലെ പുറത്തുവിട്ട യുഎന്‍ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. സൈനിക വിഭാഗങ്ങള്‍ നിര്‍ബന്ധിതമായി തൊഴില്‍ ചെയ്യിക്കുന്നതും രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ വ്യോമസേനാ തലവന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ ഇത്തരത്തില്‍ തൊഴിലെടുപ്പിച്ചതായി സാക്ഷികളിലൊരാള്‍ യുഎന്‍ അന്വേഷണ സംഘത്തിനു മൊഴിനല്‍കി.
ശമ്പളമില്ലാതെയാണ് സൈന്യം തൊഴിലെടുപ്പിക്കുന്നത്. ജോലിചെയ്യാന്‍ വിസമ്മതിക്കുന്നവരെ സൈന്യം തടവില്‍ വയ്ക്കുകയാണെന്നും സാക്ഷിമൊഴിയില്‍ പറയുന്നു.
പ്രതിമാസം 5000ത്തോളം പേരാണ് നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നു രക്ഷപ്പെടുന്നതിന് ജീവന്‍ പണയം വച്ച് രാജ്യത്തുനിന്നു പുറത്തുകടക്കുന്നത്.
രാജ്യംവിടാന്‍ പോവാന്‍ ശ്രമിക്കുന്നവരെ വെടിവച്ചു കൊല്ലുന്ന നയം എരിത്രിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചതായും അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നതായി യുഎന്‍ അറിയിച്ചു.
ജനങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കാനും എതിരാളികളെ അടിച്ചമര്‍ത്താനുമായി സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടരുകയാണെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ മൈക് സ്മിത്ത് പറഞ്ഞു. ഈ വിഷയത്തില്‍ ആഗോള സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ശ്രദ്ധ ക്ഷണിക്കുന്നതായും സ്മിത്ത് വ്യക്തമാക്കി.
Next Story

RELATED STORIES

Share it