എയ്‌റോ ഇന്ത്യ: വ്യോമയാന പ്രദര്‍ശനം ബംഗളൂരുവില്‍ തന്നെ

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ 'എയ്‌റോ ഇന്ത്യ' അടുത്ത വര്‍ഷം ബംഗളൂരുവില്‍ തന്നെ നടക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഫെബ്രുവരി 20 മുതല്‍ 24 വരെയാണു പ്രദര്‍ശനം.പ്രദര്‍ശനം ബംഗളൂരുവില്‍ നിന്നു ലഖ്‌േനാവിലേക്കു മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രദര്‍ശനം ലഖ്‌നോവില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചിരുന്നു. ഇതു കര്‍ണാടകയിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ എതിര്‍പ്പിന് ഇടയാക്കി.നേരത്തെ 'എയ്‌റോ ഇന്ത്യ'യുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, പരമ്പരാഗതമായി ബംഗളൂരുവില്‍ നടത്തുന്ന 'എയ്‌റോ ഇന്ത്യ'യുടെ 12ാം പതിപ്പും ഇവിടെത്തന്നെ നടത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ബംഗളൂരുവിലെ യലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലാണ് മുന്‍ വര്‍ഷങ്ങളില്‍ 'എയ്‌റോ ഇന്ത്യ' നടന്നിരുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രതിരോധ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന 'എയ്‌റോ ഇന്ത്യ' രാജ്യത്തെ ഏറ്റവും വലിയ എയര്‍ ഷോയാണ്. മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് ഷോ ഗോവയിലേക്കു മാറ്റുന്നതിനുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ ഡിആര്‍ഡിഒ, എച്ച്എഎല്‍ പോലുള്ള സ്ഥാപനങ്ങളും എയ്‌റോസ്‌പേസ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന ബംഗളൂരുവില്‍ നിന്ന് പ്രദര്‍ശനം മാറ്റുന്നതില്‍ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടു മാറ്റിയത്. രണ്ട് വര്‍ഷത്തിലൊരിക്കലാണ് 'എയ്‌റോ ഇന്ത്യ' അരങ്ങേറുന്നത്.

Next Story

RELATED STORIES

Share it