എയ്ഡ്‌സ്: സ്‌കൂള്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ മാറ്റി

കൊളംബോ: ആറു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ശ്രീലങ്കയിലെ സ്‌കൂളില്‍നിന്നു മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കള്‍ മറ്റു സ്‌കൂളുകളിലേക്കു മാറ്റി. കുറുണെജെല സ്‌കൂളില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ മരണം എയ്ഡ്‌സ് ബാധിച്ചാണെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, വിദ്യാര്‍ഥിക്ക് എച്ച്‌ഐവി ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും രക്ഷിതാക്കള്‍ ചെവികൊണ്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തന്റെ ഭര്‍ത്താവിന് എയ്ഡ്‌സില്ലായിരുന്നെന്നും അത് അഭ്യൂഹം മാത്രമായിരുന്നെന്നും ആറു വയസ്സുള്ള മകനെ പ്രവേശിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചതായും കുട്ടിയുടെ മാതാവ് ബിബിസിയോടു പറഞ്ഞു. ഇതിന്റെ പേരില്‍ ആരും ജോലി നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. മനുഷ്യാവകാശ സംഘടനകളുടെ ഇടപെടല്‍ മൂലമാണ് കഴിഞ്ഞയാഴ്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. എന്നാല്‍, ആദ്യദിനം തന്നെ മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ കൂട്ടത്തോടെ വന്ന് തങ്ങളുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അതേസമയം, രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാന്‍ ശ്രമം നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it