എയ്ഡ്‌സെന്ന് സംശയം; അമ്മയെയും കുഞ്ഞിനെയും കമ്മീഷന്‍ ഏറ്റെടുത്തു

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവിച്ച യുവതിക്ക് എയ്ഡ്‌സ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അമ്മയുടെയും കുഞ്ഞിന്റെയും സംരക്ഷണച്ചുമതല വനിതാ കമ്മീഷന്‍ ഏറ്റെടുത്തു. യുവതിയുടെ ഭര്‍ത്താവിനു രോഗബാധയുണ്ട്. യുവതിയുടെ സംരക്ഷണത്തിന് ആരും തയ്യാറാവാത്തതിനെ തുടര്‍ന്നാണു സംഭവമറിഞ്ഞ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായും പത്തനാപുരം ഗാന്ധിഭവനുമായും ബന്ധപ്പെട്ട് യുവതിക്കു താമസസൗകര്യമൊരുക്കി. കഴിഞ്ഞയാഴ്ചയാണു യുവതി എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെ എസ്എടി ആശുപത്രിയില്‍ നിന്ന് യുവതിയുടെയും കുഞ്ഞിന്റെയും സംരക്ഷണച്ചുമതല കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍, അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ എം രാധ, അഡ്വ. ഷിജി ശിവജി, അഡ്വ. എം എസ് താര എന്നിവര്‍ ഏറ്റെടുത്തു പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ക്കു കൈമാറി.
Next Story

RELATED STORIES

Share it