Flash News

എയ്ഡ്‌സിനെ പേടിയില്ല

എയ്ഡ്‌സിനെ പേടിയില്ല
X






AIDS CAMPAIN



ഷെഹ്‌സാദ്‌

എച്ച്‌ഐവി/ എയ്ഡ്‌സ് വൈറസ് കണ്ടുപിടിച്ചിട്ട് 31 വര്‍ഷമായിട്ടും ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനു സാധിച്ചിട്ടില്ല. എന്നാല്‍, കുത്തഴിഞ്ഞ ലൈംഗികജീവിതത്തെ ഭയക്കുകയും പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്യുന്നതുവഴി ഈ രോഗം ബാധിച്ചുള്ള മരണങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.
പാരിസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. ഗല്ലോയുടെയും ഡോ. ലക് മോണ്‍ഗ്നയറുടെയും നേതൃത്വത്തിലുള്ള ഗവേഷകര്‍ 1984ല്‍ എയ്ഡ്‌സിനു ഹേതുവാകുന്ന വൈറസിനെ കണ്ടെത്തിയപ്പോള്‍ ശാസ്ത്രലോകം പ്രതീക്ഷയിലായിരുന്നു. ഈ മാരകരോഗത്തിനുള്ള പ്രതിവിധി വൈകാതെ കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന പ്രത്യാശ. പക്ഷേ, ഇന്നും മറുമരുന്നില്ലാത്ത രോഗമായി തുടരുകയാണ് എച്ച്‌ഐവി/ എയ്ഡ്‌സ്. എന്നാല്‍, പ്രതിരോധമാര്‍ഗങ്ങളിലൂടെ എയ്ഡ്‌സിനെ അകറ്റിനിര്‍ത്താമെന്ന്   ലോകരാജ്യങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു.

എയ്ഡ്‌സിനെ പേടിക്കണോ?

എയ്ഡ്‌സ് യഥാര്‍ഥത്തില്‍ ഒരു രോഗമല്ലെന്നും രോഗപ്രതിരോധശേഷി നഷ്ടമാവുന്ന അവസ്ഥയാണെന്നും കൂട്ടുകാര്‍ക്ക് അറിയാമല്ലോ. എയ്ഡ്‌സ് വൈറസ് ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണ് എന്നതിനാല്‍ എയ്ഡ്‌സിനെ ഗൗരവമായാണ് വൈദ്യശാസ്ത്രം കാണുന്നത്. അതേസമയം, രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഇതു ബാധിക്കുന്നത് തടയാനാകും.
എയ്ഡ്‌സ് സംബന്ധമായ മരണം കൂടുതലായി റിപോര്‍ട്ട് ചെയ്തത് 2004ല്‍ ആയിരുന്നു. 2014 ആയപ്പോഴേക്കും അത് 42 ശതമാനം കുറഞ്ഞു. ഇത് വലിയൊരു നേട്ടമാണ്. എയ്ഡ്‌സ് ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചത് 12 ലക്ഷം പേരാണ്.
യുഎന്‍ എയ്ഡ്‌സിന്റെ 2014ലെ കണക്കനുസരിച്ച് ലോകത്ത് 36.9 ദശലക്ഷം മനുഷ്യര്‍ എയ്ഡ്‌സ് ബാധിച്ച് മരണത്തിനു നാളുകളെണ്ണി ജീവിതം തള്ളിനീക്കുന്നവരാണ്. 2000 മുതല്‍ 15 വര്‍ഷത്തിനിടെ എയ്ഡ്‌സ് ബാധിച്ച് മരിച്ചത് 25 ദശലക്ഷം പേരാണ്. 2015 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 15 ദശലക്ഷം ആളുകള്‍ ആന്റി റെട്രോ വൈറല്‍ തെറാപ്പി ചെയ്തുവരുന്നു.



ക്ഷയരോഗവും എയ്ഡ്‌സും

HUMAN BODY

ക്ഷയരോഗം ബാധിച്ചാണ് എച്ച്‌ഐവി ബാധിതര്‍ കൂടുതലായി മരിച്ചിരുന്നത്. ക്ഷയരോഗിക്ക് എയ്ഡ്‌സ് വൈറസ് ബാധിച്ചാല്‍ അത് അയാളുടെ മരണത്തിലെത്തിക്കും. 2012ല്‍ എച്ച്‌ഐവി ബാധിച്ച 3,20,000 പേര്‍ മരിച്ചത് ക്ഷയരോഗം മൂലമാണ്. എന്നാല്‍, 2004നു ശേഷം ഇത് 33 ശതമാനം കുറഞ്ഞു. ആന്റി റെട്രോ വൈറല്‍ ചികില്‍സ നടത്തുന്ന എയ്ഡ്‌സ് ബാധിതരുടെ ആയുസ്സ് കൂടിവരുന്നതായും പുതിയ പഠനങ്ങള്‍ കാണിക്കുന്നു. മലേറിയ രോഗം ബാധിച്ചും എയ്ഡ്‌സ് രോഗികള്‍ കൂടുതലായി മരണപ്പെടുന്നു.
അതേസമയം, രോഗപ്രതിരോധത്തിനും ചികില്‍സയ്ക്കും സാമ്പത്തിക സഹായം നല്‍കി ക്ഷയം, മലേറിയ രോഗങ്ങളുണ്ടായി എയ്ഡ്‌സ് ബാധിതര്‍ മരിക്കുന്നത് 2002 മുതല്‍ മൂന്നിലൊന്നു കുറയ്ക്കാന്‍ യുഎന്നിനു സാധിച്ചിട്ടുണ്ട്. ഇങ്ങനെ 17 ദശലക്ഷം മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നാണ് യുഎന്‍ പറയുന്നത്. ദരിദ്ര രാജ്യങ്ങളില്‍ മലേറിയയെ ചെറുക്കാനായി ഗ്ലോബല്‍ ഫണ്ടിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം 548 ദശലക്ഷം കൊതുകുവലകള്‍ വിതരണം ചെയ്തു. 13.2 ദശലക്ഷം പേര്‍ക്ക് ക്ഷയരോഗ ചികില്‍സ ലഭ്യമാക്കി. 81 ലക്ഷം പേര്‍ക്ക് എആര്‍ടി ചികില്‍സ നല്‍കിവരുന്നു.



എയ്ഡ്‌സ് ബാധിതര്‍ കുറഞ്ഞു

AIDS



പുതിയതായി എയ്ഡ്‌സ് ബാധിച്ചവരായി 20 ലക്ഷം പേരുണ്ടെന്ന് യുഎന്‍ റിപോര്‍ട്ട് പറയുന്നു. അതേസമയം, പ്രതിരോധ മാര്‍ഗങ്ങളും മികച്ച ബോധവല്‍ക്കരണവും വഴി എയ്ഡ്‌സ് വ്യാപനം കുറയ്ക്കാനായിട്ടുണ്ട്. 2000ല്‍ 5,25,000 കുട്ടികള്‍ക്ക് പുതുതായി ഈ രോഗം ബാധിച്ചിരുന്നത് 2014 ആയപ്പോള്‍ 2,20,000 ആയി കുറഞ്ഞു.



എന്താണ് എയ്ഡ്‌സ്?

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന രോഗാണുവാണ് ഈ രോഗാവസ്ഥ ഉണ്ടാക്കുന്നത്. രോഗാണുവിന്റെ ചുരുക്കപ്പേരായ എച്ച്‌ഐവി എന്ന പേരിലാണിത് അറിയപ്പെടുന്നത്. എച്ച്‌ഐവി രോഗാണു ശരീരത്തിന്റെ പ്രതിരോധശേഷിയെ തകര്‍ക്കും. മറ്റു രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കുകയാണ് എച്ച്‌ഐവി ചെയ്യുന്നത്.



പകരുന്നതെങ്ങനെ?

എച്ച്‌ഐവി രോഗാണുവിന് പല വഴികളിലൂടെ മനുഷ്യശരീരത്തിലേക്കു കടക്കാനാവും. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് ഈ രോഗം പ്രധാനമായും പകരുന്നത്. എന്നാല്‍, എയ്ഡ്‌സ് ബാധിതരെല്ലാം അവിഹിത ലൈംഗികബന്ധം പുലര്‍ത്തുന്നവരാണെന്ന ധാരണ ശരിയല്ല. എച്ച്‌ഐവി ബാധിച്ച ആള്‍ക്ക് കുത്തിവച്ച സൂചിയും സിറിഞ്ചും മറ്റൊരാളെ കുത്താന്‍ ഉപയോഗിക്കുമ്പോഴും എച്ച്‌ഐവി പകരും. ഗര്‍ഭകാലത്ത് അമ്മയ്ക്ക് എച്ച്‌ഐവി ബാധയുണ്ടെങ്കില്‍ കുട്ടിയിലേക്കു പകരാന്‍ എളുപ്പമാണ്. മുലപ്പാല്‍ ഊട്ടുമ്പോള്‍ കുട്ടിയിലേക്ക് രോഗം സംക്രമിക്കും. ആ കുഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. അതിനാല്‍ തന്നെ എയ്ഡ്‌സ് ബാധിതരോട് ശത്രുതയോടെ പെരുമാറരുത്.



പ്രതിരോധ ചികിത്സ

AIDS2എച്ച്‌ഐവി ബാധിക്കുന്നതു തടയാനുള്ള പ്രധാന മാര്‍ഗം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉറകള്‍ ഉപയോഗിക്കുക എന്നതാണ്. കുത്തിവയ്പ് എടുക്കുമ്പോള്‍ ഒരു തവണ ഉപയോഗിക്കുന്ന സൂചികളും സിറിഞ്ചും ഉപയോഗിക്കണം. മറ്റുള്ളവരുടെ രക്തം സ്വീകരിക്കുന്നത് എച്ച്‌ഐവി ബാധയില്ലെന്നു പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമായിരിക്കണം. ആന്റി റിട്രോ വൈറല്‍ തെറാപ്പി(എആര്‍ടി)യാണ് ഏക പ്രതിരോധ ചികില്‍സ. എച്ച്‌ഐവി സംക്രമിക്കുന്നതു തടയാന്‍ എആര്‍ടിക്ക് സാധിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരാതിരിക്കാനുള്ള നടപടികളിലും പുരോഗതി കൈവരിക്കാന്‍ ശാസ്ത്രലോകത്തിനായി. എച്ച്‌ഐവി പടരുന്നതു തടയാന്‍ ലോകാരോഗ്യ സംഘടന രാഷ്ട്രങ്ങള്‍ക്കു മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്‍കുന്നു. 2030ഓടെ എയ്ഡ്‌സ് നിര്‍മാര്‍ജനം ചെയ്യുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.
2015ഓടെ ലോകത്ത് 15 ദശലക്ഷം ആളുകള്‍ക്ക് എആര്‍ടി ചികില്‍സ നല്‍കാനായിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.            37 ദശലക്ഷം പേര്‍ എച്ച്‌ഐവി ബാധിച്ചിട്ടും എആര്‍ടി ചികില്‍സയിലൂടെ ജീവിക്കുന്നു.
അതേസമയം, തനിക്ക് എയ്ഡ്‌സ് ബാധിച്ചിട്ടുണ്ടോ എന്നറിയാത്ത എത്രയോ എയ്ഡ്‌സ് രോഗികളുണ്ട്. ഇവരിലൂടെ രോഗം എളുപ്പം പകരാം. എച്ച്‌ഐവി ബാധിതരില്‍ 51 ശതമാനം പേര്‍ക്കു മാത്രമേ താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് അറിയൂ എന്നാണ് കണക്ക്.              പലരും രോഗപരിശോധനയ്ക്ക് മടിക്കുന്നു.



Next Story

RELATED STORIES

Share it