എയ്ഡഡ് മേഖല സംബന്ധിച്ച സര്‍ക്കാര്‍ കണക്ക് പുറത്ത് ; മുസ്‌ലിംകള്‍ പിന്നില്‍; ഭൂരിഭാഗവും ഹിന്ദു, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍

കൊല്ലം: സംസ്ഥാനത്ത് മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടിയെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും സംഘപരിവാര നേതാക്കളുടെയും പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. വിദ്യാഭ്യാസ മേഖലയിലടക്കം സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ മുസ്‌ലിം സമുദായത്തിനു ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പോലുമില്ലെന്നാണു വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള 1406 ഹൈസ്‌കൂളുകളില്‍ 720 എണ്ണം (51.2%) ക്രൈസ്തവ മാനേജ്‌മെന്റും 480 എണ്ണം (34.42%) ഹിന്ദു മാനേജ്‌മെന്റുകളും കൈവശംവയ്ക്കുമ്പോള്‍ 169 എണ്ണം മാത്രമാണു മുസ്‌ലിം സമുദായത്തിനുള്ളത്. 1850 യുപി സ്‌കൂളുകളുടെ കാര്യത്തില്‍ ഇത് യഥാക്രമം 551ഉം 939ഉം 315ഉം ആണ്. 3893 എല്‍പി സ്‌കൂളുകളില്‍ മുസ്‌ലിം മാനേജ്‌മെന്റിന് 912 എണ്ണം (23.42%) ഉള്ളപ്പോള്‍, 1352 എണ്ണം (34.72%) ക്രിസ്ത്യന്‍ മാനേജ്‌മെന്റിനും 1522 എണ്ണം (39.09%) ഹിന്ദു മാനേജ്‌മെന്റുകള്‍ക്കുമാണ്.
6 എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ 2 എണ്ണം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കും 3 എണ്ണം ഹിന്ദു മാനേജ്‌മെന്റിനും ഒരെണ്ണം മുസ്‌ലിം മാനേജ്‌മെന്റിനും കീഴിലാണ്.
153 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 77 എണ്ണവും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളാണു നടത്തുന്നത്. ഹിന്ദു മാനേജ്‌മെന്റുകള്‍ 36 എണ്ണം നടത്തുമ്പോള്‍ മുസ്‌ലിം വിഭാഗത്തിന്റെ കൈവശമുള്ളത് 24 എണ്ണമാണ്. പ്രൈവറ്റ് ട്രെയിനിങ് കോളജുകളുടെ കാര്യത്തില്‍ ഇത് യഥാക്രമം 9, 5, 3 എന്നിങ്ങനെയാണ്. അറബിക് കോളജുകളില്‍ 11 എണ്ണവും മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കു കീഴിലാണെന്നും മുന്‍ എംഎല്‍എ എ യൂനുസ് കുഞ്ഞിനു ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. മൂന്നുവിഭാഗത്തിലും ഉള്‍പ്പെടാത്ത മറ്റുള്ളവര്‍ നടത്തുന്ന 191 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും സമ്മര്‍ദ്ദം ചെലുത്തിയും മുസ്‌ലിം സമുദായം അര്‍ഹിക്കുന്നതിലും കൂടുതല്‍ നേടിയെന്നാണു വെള്ളാപ്പള്ളി അടക്കമുള്ളവരുടെ പ്രചാരണം. യുഡിഎഫ് ഭരണത്തില്‍ വിദ്യാഭ്യാസവകുപ്പ് മുസ്‌ലിംലീഗ് കൈകാര്യംചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണു പ്രധാനമായും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഇക്കാലത്തിനിടയ്ക്ക് കേരളത്തില്‍ ഒരു ഹിന്ദുമതക്കാരന്‍ മാത്രമാണ് വിദ്യാഭ്യാസമന്ത്രിയായിട്ടുള്ളതെന്നാണു കഴിഞ്ഞദിവസം ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ചൂണ്ടിക്കാട്ടിയത്.
സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട്, നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട്, ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കേരള പഠനം തുടങ്ങി ആധികാരികമായ റിപോര്‍ട്ടുകള്‍ ഇത്തരം പ്രചാരണങ്ങളുടെ നിജസ്ഥിതി നേരത്തേതന്നെ പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. അതിനും പുറമെയാണ് ദുഷ്പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it