kozhikode local

എയ്ഡഡ് മാനേജ്‌മെന്റുകള്‍ വഴങ്ങുന്നില്ല 147 അധ്യാപകര്‍ പെരുവഴിയില്‍

മുക്കം: 2015- 16 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ച ഉത്തരവ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നടപ്പാക്കാന്‍ തയ്യാറാവാത്തത് നിരവധി അധ്യാപകരുടെ ഭാവി തുലാസിലാക്കുന്നു.
2015-16 വര്‍ഷം തസ്തിക നിര്‍ണയ നടപടികള്‍ പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തില്‍ തസ്തിക നഷ്ടം വരുന്ന സ്‌കൂളുകളില്‍ നിന്നും പുറത്ത് പോവുന്ന എല്‍പി, യുപി അധ്യാപകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനാധ്യാപകരെ ക്ലാസ് ചാര്‍ജില്‍ നിന്നുമൊഴിവാക്കി അവിടെ സംരക്ഷിത അധ്യാപകര്‍ക്ക് നിയമനം നല്‍കാനാണ് ഉത്തരവ്.
ഇതു സംബന്ധിച്ച ഉത്തരവ് മെയ് 31ന് നമ്പര്‍ ബി 4/10 225/2016 പ്രകാരം അതത് ഉപജില്ലാ ഓഫിസര്‍മാര്‍ക്ക് ലഭിച്ചതുമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒഴിവ് വന്ന തസ്തികയിലേക്ക് നിയമന ഉത്തരവുമായെത്തിയ അധ്യാപകര്‍ക്ക് എയ്ഡഡ് മാനേജര്‍മാര്‍ അനുമതി നല്‍കുന്നില്ലെന്നാണ് പരാതി. ഇതിനാല്‍ കോഴിക്കോട് റവന്യു ജില്ലയില്‍ മാത്രം 147 അധ്യാപകര്‍ ആശങ്കയിലാണ്.
കോഴിക്കോട് സിറ്റി- 1, റൂറല്‍- 8, ചേവായൂര്‍- 8, ഫറോക്ക്- 17, കുന്ദമംഗലം- 9, മുക്കം- 6, കൊടുവളി- 5, താമരശ്ശേരി- 7, ബാലുശ്ശേരി- 16, പേരാമ്പ്ര- 7, തോടന്നൂര്‍- 1, മേലടി- 9, കുന്നുമ്മല്‍- 6, ചോമ്പാല- 3, വടകര- 13, കൊയിലാണ്ടി- 11, ഡിഇഒ ഓഫിസ്- 3 എന്നിങ്ങയാണ് ജോലി നഷ്ടപ്പെടുന്നവരുടെ കണക്ക്. കഴിഞ്ഞവര്‍ഷം സംരക്ഷിത അധ്യാപകര്‍ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യാമായിരുന്നു.
ഈ വര്‍ഷം മുതലാണ് എയ്ഡഡ് സ്‌കൂളിലെ സംരക്ഷിത അധ്യാപകരെ എയ്ഡഡ് സ്‌കൂളുകളിലേക്കും സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളിലും മാറ്റാന്‍ ഉത്തരവിറക്കിയത്. സംരക്ഷിത അധ്യാപകര്‍ക്ക് മാത്രമായി ഇറക്കിയ ഈ ഉത്തരവാണ് ചില മാനേജര്‍മാരുടെ പിടിവാശിയും മറ്റും മൂലം നിരവധി അധ്യാപകരുടെ ജോലിയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. സമാന പ്രശ്‌നം ജില്ലയിലെ ഹൈസ്‌കൂള്‍ സംരക്ഷിത അധ്യാപകര്‍ക്കുമുണ്ട്.
Next Story

RELATED STORIES

Share it