എയിംസ് അഴിമതി; അന്വേഷണത്തില്‍ സര്‍ക്കാരിന് അലംഭാവമെന്ന് പാര്‍ലമെന്റ് സമിതി

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അഴിമതിക്കേസില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉദാസീന മനോഭാവത്തെ പാര്‍ലമെന്റ് സമിതി വിമര്‍ശിച്ചു. എയിംസിലെ നിരവധി അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ സ്ഥാപനത്തില്‍ സ്ഥിരം മുഖ്യ വിജിലന്‍സ് ഓഫിസറെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

എയിംസിലെ എല്ലാ അഴിമതിക്കേസുകളുടേയും അന്വേഷണം വേഗത്തിലാക്കാന്‍ മന്ത്രാലയം മുന്‍കയ്യെടുക്കണമെന്നും മൂന്നു മാസത്തിനുള്ളില്‍ കേസന്വേഷണത്തിന്റെ പുരോഗതി റിപോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടതായി സമിതി ചെയര്‍മാന്‍ സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.

എയിംസില്‍ തുടര്‍ച്ചയായി അഴിമതി നടന്നിട്ടും മന്ത്രാലയം മുഖ്യ വിജിലന്‍സ് കമ്മീഷണറെ ഒഴിവാക്കുകയായിരുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സഞ്ജീവ് ചതുര്‍വേദിയായിരുന്നു എയിംസില്‍ മുഖ്യ വിജിലന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചിരുന്നത്. എയിംസിലെ അഴിമതി പുറത്തുകൊണ്ടുവന്ന അദ്ദേഹത്തെ കഴിഞ്ഞവര്‍ഷമാണ് മന്ത്രാലയം നീക്കിയത്.

ശസ്ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതിലുള്ള സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള കേസുകളാണ് എയിംസിലെ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിലുള്ളത്.
Next Story

RELATED STORIES

Share it