എയിംസിലെ നഴ്‌സിന്റെ മരണം; അച്ചടക്കനടപടിയിലും ജാതി വിവേചനമെന്ന് പട്ടികജാതി കമ്മീഷന്‍

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ ജാതി വിവേചനമെന്ന് ആരോപണം. സ്ഥാപനത്തില്‍ അടുത്തിടെ 21 കാരിയായ ജൂനിയര്‍ നഴ്‌സ് ജീവനൊടുക്കിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് പ്രഫസറെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയതു വിവേചനപരമാണെന്ന് ദേശീയ പട്ടികജാതി- വര്‍ഗ കമ്മീഷന്‍ റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് എയിംസ് ഹോസ്റ്റലില്‍ നഴ്‌സ് ആത്മഹത്യ ചെയ്തത്. നഴ്‌സിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ശശി മാവര്‍ എന്ന അസിസ്റ്റന്റ് പ്രഫസറും നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു വത്സയും മറ്റൊരു നഴ്‌സുംകൂടി നടത്തിയ മാനസിക പീഡനം മുലമാണെന്നു പരാതി ഉയര്‍ന്നിരുന്നു. എയിംസ് ഹോസ്റ്റലില്‍ പെണ്‍കുട്ടി ജീവനൊടുക്കുമ്പോള്‍ ശശി മാവറായിരുന്നു ഹോസ്റ്റലിന്റെ ഡെപ്യൂട്ടി സൂപ്രണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ഇദ്ദേഹത്തിനും മറ്റു രണ്ടുപേര്‍ക്കുമെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും മാവര്‍ക്കെതിരേ മാത്രമാണ് എയിംസ് നടപടിയെടുത്തത്.
ഇതു ജാതിവിവേചനത്തിനു തെളിവാണെന്നാണ് കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്ത മറ്റു രണ്ടുപേര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. തന്നെക്കാള്‍ ജൂനിയറായ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്പര്‍വൈസര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ മാവറോട് എയിംസ് ആവശ്യപ്പെടുകയും ചെയ്തതായി അറിയാന്‍ കഴിഞ്ഞുവെന്നും റിപോര്‍ട്ട് പറയുന്നു. മാവര്‍ക്ക് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനു വ്യക്തമായ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തെ ശിക്ഷിക്കുന്നത്. ആത്മഹത്യാ കുറിപ്പില്‍ മാവറുടെ പേരില്ല. നഴ്‌സിങ് കോളജിലെ മുതിര്‍ന്ന അധ്യാപകരുടെ ജാതിചിന്തയാണ് ഇതിനുപിന്നില്‍.
മാവര്‍ക്കെതിരേ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഒരുവിഭാഗം അധ്യാപകര്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, കമ്മീഷന് മുമ്പാകെ മാവര്‍ നല്‍കിയ പരാതി വ്യാജമാണെന്നും സ്ഥാപനത്തില്‍ യാതൊരു വിവേചനവുമില്ലെന്നുമാണ് എയിംസ് അധികൃതരുടെ വാദം. വിഷയത്തില്‍ മെയ് 24ന് കമ്മീഷന്‍ മുമ്പാകെ വിചാരണ നടക്കും.
നേരത്തേ സ്ഥാപനത്തില്‍ ഉണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജാതിവിവേചനത്തിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് 2012 ഒക്ടോബറില്‍ 54 പാര്‍ലമെന്റംഗങ്ങള്‍ ഒപ്പിട്ട നിവേദനം കേന്ദ്രസര്‍ക്കാരിനു നല്‍കിയിരുന്നു. സംവരണത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മേല്‍ജാതിക്കാരുടെ വിവേചനത്തിനും മാനസിക പീഡനത്തിനും ഇരയാവുന്നുവെന്നാണ് പരാതി.
Next Story

RELATED STORIES

Share it