എയര്‍ ഇന്ത്യ ടാറ്റയ്ക്കു കീഴടങ്ങുന്നു

കബീര്‍ എടവണ്ണ

ദുബയ്: പ്രവാസികളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ ടാറ്റയുടെ സ്വകാര്യ വിമാന കമ്പനിക്ക് കീഴടങ്ങുന്നു. ഇന്ത്യയില്‍ നിന്നും വിദേശ സര്‍വീസ് നടത്താന്‍ 20 വിമാനങ്ങളും 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തണമെന്നുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വ്യവസ്ഥ മാറ്റുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നത് എയര്‍ ഇന്ത്യയായിരുന്നു. ഇപ്പോള്‍ ഈ നിയമം മാറ്റുന്നതിനെ തങ്ങള്‍ എതിര്‍ക്കില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഇത്രയും കാലം പിന്തുടര്‍ന്ന നയം മാറ്റമാണ് സംശയത്തിനു കാരണമാവുന്നത്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ടാറ്റയുടെ എയര്‍ വിസ്താരക്കു വിദേശ സര്‍വീസ് നടത്താനുള്ള അനുമതിക്കു വേണ്ടിയാണ് എയര്‍ ഇന്ത്യയുടെ കരണംമറിച്ചി ല്‍ എന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ കേരളത്തിലേക്ക് ഏറ്റവും പഴയ വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ നിരക്ക് ഈടാക്കിയാണ് സര്‍വീസ് നടത്തുന്നത്. അതേസമയം, ഉത്തരേന്ത്യയിലേക്ക് ഡ്രീംലൈനര്‍ പോലെയുള്ള ആധുനിക വിമാനങ്ങള്‍ സര്‍വീസ് നടത്തി കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. കേരള സര്‍ക്കാര്‍ സ്വന്തം വിമാന കമ്പനി തുടങ്ങാന്‍വേണ്ടി ഏറെ പരിശ്രമിച്ചിട്ടും നടക്കാതെ പോയത് എയര്‍ ഇന്ത്യയുടെ ഈ സമീപനം കൊണ്ടായിരുന്നു. എയര്‍ കേരളയ്ക്കുവേണ്ടി ഈ നിയമം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായി എതിര്‍ത്തിരുന്നത് എയര്‍ ഇന്ത്യയായിരുന്നുവെന്ന് മുന്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയും എംപിയുമായ കെ സി വേണുഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് എയര്‍ കേരളയുടെ ചുമതലയുംകൂടിയുള്ള കൊച്ചി എയര്‍പോര്‍ട്ട് എംഡി വി ജെ കുര്യന്‍ ഐഎഎസ് പറഞ്ഞു.
ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ സ്വകാര്യ വിമാന കമ്പനികള്‍ക്കെല്ലാംതന്നെ 5 വര്‍ഷം കാത്തിരുന്നിട്ടാണ് വിദേശ സര്‍വീസിന് അനുമതി ലഭിച്ചത്. എയര്‍ ഇന്ത്യയുടെ കരണംമറിയല്‍ ഈ സ്വകാര്യ വിമാന കമ്പനികളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വ്യോമയാന നയം മാറ്റാന്‍വേണ്ടി വിവിധ മേഖലകളില്‍നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു. ഈ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ നയം രൂപീകരിക്കും. പുതിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ മറ്റ് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് തിരിച്ചടിയാവും. ഒരു വിമാനം പറക്കുമ്പോള്‍ 50 ശതമാനവും ചെലവ് വരുന്നത് ഇന്ധനത്തിനാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ 35 ശതമാനം ഇന്ധന നികുതിയായി നല്‍കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരു നികുതിയും ഈടാക്കാതെയാണ് ഗള്‍ഫ് വിമാനങ്ങള്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്നത്.
Next Story

RELATED STORIES

Share it