malappuram local

എയര്‍ ഇന്ത്യ ജംബോ വിമാനത്തിന്റെ കോണികള്‍ ഹൈദരാബാദിലേക്ക് മാറ്റി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ജംബോ വിമാനത്തിന്റെ കോണികള്‍ ഹൈദരാബാദിലേക്ക് മാറ്റി.വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ താഴെയിറങ്ങാന്‍ ഉപയോഗിക്കുന്ന കോണികളാണ് ഇന്നലെ ഹൈദരാബാദില്‍ നടക്കുന്ന എയര്‍ ഷോയുടെ പേരില്‍ മാറ്റിയത്.
കരിപ്പൂരില്‍ ജംബോ സര്‍വീസ് കഴിഞ്ഞ മെയ് മുതല്‍ പിന്‍വലിച്ചിരുന്നെങ്കിലും മടങ്ങിവരവ് പ്രതീക്ഷിച്ച് കോണികള്‍ വിമാനത്താവളത്തില്‍ നിന്ന് മാറ്റിയിരുന്നില്ല. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം എമിറേറ്റ്‌സ് എയറിന്റെ കൗണ്ടറും പൊളിച്ചു നീക്കിയിരുന്നു. ഇതോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കലിന് തിരിച്ചടിയായി.
കരിപ്പൂരിലെ ജംബോ സര്‍വീസുകളായ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് എയര്‍, സൗദി എയര്‍ലെന്‍സ് എന്നിവ റണ്‍വേ നവീകരണത്തോടെ നിര്‍ത്തലാക്കിയിരുന്നു. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചാല്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മൂന്ന് വിമാന കമ്പനികളുടേയും പിന്‍മാറ്റം.
മാര്‍ച്ച് ആദ്യത്തോടെ സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറെടുത്തതായിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. ഇതിനാലാണ് ജംബോ സര്‍വീസിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ അവര്‍ മാറ്റാതിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെയാണ് ജംബോ വിമാനങ്ങളുടെ കോണികള്‍ ഹൈദരാബാദിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് വിമനത്താവളത്തിലെ എമിറേറ്റ്‌സിന്റെ കൗണ്ടറുകള്‍ പൊളിച്ചു നീക്കിയത്. ഹജ് സര്‍വീസുകള്‍ക്കും ഇത് തിരിച്ചടിയാവും. ഹജ്ജ് സര്‍വീസിനും ഇത് നല്‍കാനാവില്ലെന്ന നിലപാടിലാണ് ഡിജിസിഎ. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡിജിസിഎയുടെ തീരുമാനം.
Next Story

RELATED STORIES

Share it