എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ പരിഗണനയില്‍

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വിറ്റഴിക്കല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ഇതുസംബന്ധിച്ചു പഠനം നടത്താന്‍ ധനമന്ത്രാലയം, വ്യോമയാന മന്ത്രാലയം, കാബിനറ്റ് സെക്രട്ടേറിയറ്റ്, എയര്‍ ഇന്ത്യ എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന നാലോ അഞ്ചോ പേരടങ്ങുന്ന സമിതി രൂപീകരിക്കും. നാലു വര്‍ഷമായി തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഈ നടപടി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനും ഇതിലൂടെ കഴിയും. സമിതി, ഓഹരികള്‍ വിറ്റഴിക്കുന്നതിന്റെ സാധ്യത സര്‍ക്കാരിനെ അറിയിക്കും. അതുപ്രകാരമായിരിക്കും സര്‍ക്കാര്‍ തീരുമാനം. സ്വകാര്യ വിമാനക്കമ്പനികളുടെ മല്‍സരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വിഷമിക്കുന്ന എയര്‍ ഇന്ത്യ 2007 മുതല്‍ നഷ്ടത്തിലാണ്. എന്നാല്‍, വിപണനവിഹിതത്തില്‍ എയര്‍ ഇന്ത്യ നിലവില്‍ മൂന്നാംസ്ഥാനത്തുമാണ്. എട്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ വ്യോമയാന മേഖലയെ നിയന്ത്രിക്കുകയും ലോകത്തെ എല്ലാ പ്രധാനനഗരങ്ങളിലേക്കും സര്‍വീസ് നടത്തുകയും ചെയ്തുവരുന്ന എയര്‍ ഇന്ത്യയെ രോഗാതുര കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി 12ന് കേന്ദ്രമന്ത്രി ആനന്ദ് ഗീതെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഈ മാസം അവസാനിക്കുന്ന സാമ്പത്തിക വര്‍ഷം 5388 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. നഷ്ടത്തിലായ പൊതുമേഖലാ കമ്പനികളുടെ ഓഹരി വിറ്റഴിക്കുമെന്ന് കഴിഞ്ഞമാസം അവതരിപ്പിച്ച പൊതുബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ പറന്നുയരുന്ന ഓരോ നാലു വിമാനത്തിലും ഒന്ന് എയര്‍ ഇന്ത്യയുടെതാണെങ്കിലും 5388 കോടി, 5490 കോടി, 7559 കോടി എന്നിങ്ങനെ കമ്പനിയുടെ നഷ്ടം ഓരോ വര്‍ഷവും ഏറിവരുകയാണ്. ദിവസവും അരലക്ഷം യാത്രികര്‍ എയര്‍ ഇന്ത്യയില്‍ കയറുന്നുവെന്നാണ് കണക്ക്.
Next Story

RELATED STORIES

Share it