എയര്‍സെല്‍- മാക്‌സിസ് കേസ്പി ചിദംബരത്തെ ഇഡി ചോദ്യംചെയ്തു

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. ഇന്നലെ രാവിലെ 11മണിയോടെ ഇഡിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യല്‍.
ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് ഡല്‍ഹി പോലിസിനെയും സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കി നടത്തിയ ചോദ്യംചെയ്യല്‍ രണ്ടു മണിക്കൂറില്‍ അധികം നീണ്ടു. ഒന്നരയോടെ ചിദംബരത്തെ ഉച്ചഭക്ഷണത്തിനായി പുറത്തുപോവാന്‍ അനുവദിച്ചു. തുടര്‍ന്ന് മൂന്നുമണിയോടെ വീണ്ടും ചോദ്യംചെയ്യല്‍ ആരംഭിക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ചിദംബരത്തെ ഇത് ആദ്യമായാണ് ഇഡി ചോദ്യംചെയ്യുന്നത്.
അതേസമയം, എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല കോടതി ഉത്തരവിട്ടു. കേസില്‍ വിശദമായ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ 10നാണ്. രണ്ടാമത്തെ തവണയാണ് മുന്‍ കേന്ദ്ര ധനമന്ത്രി അറസ്റ്റില്‍ നിന്നും രക്ഷപ്പെടുന്നത്. അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹരജി മെയ് 30ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ അഞ്ച് വരെ ഒരു നടപടിയുമെടുക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇന്ന് ചിദംബരത്തോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലത്തെ കോടതി വിധി.
വിദേശത്തുനിന്ന് 305 കോടി രൂപയുടെ ഫണ്ട് ലഭിക്കുന്നതിനായി മാധ്യമസ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയക്ക് വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) ക്ലിയറന്‍സ് നല്‍കുന്നതില്‍ ക്രമക്കേടു നടന്നതുമായി ബന്ധപ്പെട്ടാണു കേസ്. കേസില്‍ ജൂലൈ മൂന്നുവരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സിബിഐയെ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിലക്കിയിരുന്നു. മെയ് 31ന് ചോദ്യംചെയ്യലിന് ഹാജരാവാന്‍ ചിദംബരത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു ദിവസം ഹാജരാവാമെന്ന് ചിദംബരം അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഫണ്ട് സ്വീകരിച്ചതിന് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, അന്നത്തെ ഡയറക്ടര്‍ പീറ്റര്‍ മുഖര്‍ജി എന്നിവരാണ് മറ്റു പ്രതികള്‍.
Next Story

RELATED STORIES

Share it