എയര്‍സെല്‍-മാക്‌സിസ് കേസ്: മാരന്‍ സഹോദരന്‍മാര്‍ക്ക് സമന്‍സ്

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും സിബിഐ പ്രത്യേക കോടതി സമന്‍സയച്ചു. ഇരുവര്‍ക്കുമെതിരേ മതിയായ തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി.
മാരന്‍ സഹോദരങ്ങള്‍ക്കു പുറമെ കലാനിധി മാരന്റെ ഭാര്യ കാവേരി കലാനിധി, സൗത്ത് ഏഷ്യ എഫ്എം ലിമിറ്റഡ് (എസ്എഎഫ്എല്‍) മാനേജിങ് ഡയറക്ടര്‍ കെ ഷണ്‍മുഖന്‍, എസ്എഎഫ്എല്‍, സണ്‍ ഡയറക്ട് ലിവി ലിമിറ്റഡ് (എസ്ഡിടിവിഎല്‍) എന്നീ സ്ഥാപനങ്ങള്‍ക്കും പ്രത്യേക സിബിഐ ജഡ്ജി ഒ പി ശാലിനി സമന്‍സ് അയച്ചു. ഇവര്‍ ജൂലൈ 11ന് ഹാജരാവണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികള്‍ക്കു നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള എസ്ഡിടിവിഎല്‍, എസ്എഎഫ്എംഎല്‍ എന്നീ കമ്പനികള്‍ മൊറീഷസ് ആസ്ഥാനമായ സ്ഥാപനങ്ങളില്‍ നിന്ന് 742.58 കോടി രൂപ കൈപ്പറ്റി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.
എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് 2014 ആഗസ്തില്‍ മാരന്‍ സഹോദരന്‍മാര്‍ക്കും മലേസ്യയിലെ വ്യവസായ ഭീമന്‍ ടി ആനന്ദകൃഷ്ണന്‍, മലേസ്യന്‍ പൗരന്‍ റാന്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കും സണ്‍ ഡയറക്ട്, മാക്‌സിസ് കമ്മ്യൂണിക്കേഷന്‍, സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ഹോള്‍ഡിങ് ലിമിറ്റഡ്, ആസ്‌ട്രോ ഓള്‍ ഏഷ്യ നെറ്റ്‌വര്‍ക്ക് പിഎല്‍സി എന്നീ കമ്പനികള്‍ക്കുമെതിരേ സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it