Flash News

എമിറേറ്റ്‌സ്, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങള്‍ ഇനി ഖത്തറിലേക്കില്ല



ദുബയ്: നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവയ്ക്കും. എമിറേറ്റ്‌സ് എയര്‍വേയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികളാണ് സര്‍വീസുകള്‍ അവസാനിപ്പിച്ചത്. അതേസമയം, തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍വീസുകള്‍ക്ക് ഇളവുണ്ട്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാവും. ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ, സൗദി അറേബ്യ, ബഹ്‌റയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും. ഖത്തറിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവര്‍ക്ക് ഖത്തറിലേക്കും അവിടെനിന്നു നയതന്ത്രബന്ധം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും.മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമം നടത്തുന്നുവെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ് അറബ് രാജ്യങ്ങളുടെ നീക്കം. റിയാദില്‍ അറബ് ഇസ്‌ലാമിക് അമേരിക്കന്‍ ഉച്ചകോടി നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഖത്തറിനെതിരേ കടുത്ത നിലപാടുകളുമായി അയല്‍രാജ്യങ്ങള്‍ രംഗത്തെത്തിയത്. ജിസിസി രാജ്യങ്ങളുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ യമനും നയതന്ത്രബന്ധം വിച്ഛേദിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നു. ഖത്തറുമായുള്ള എല്ലാ വ്യോമ- നാവിക - ഗതാഗത സംവിധാനങ്ങളും റദ്ദാക്കുമെന്നും യമന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it