എഫ് കപ്പ് റീപ്ലേ: ജയത്തോടെ ലിവര്‍പൂളും ടോട്ടനവും നാലാംറൗണ്ടില്‍

ലണ്ടന്‍: എഫ്എ കപ്പ് മൂന്നാംറൗണ്ടിന്റെ റീപ്ലേയില്‍ ജയം നേടി ലിവര്‍പൂളും ടോട്ടനം ഹോട്‌സ്പറും നാലാംറൗണ്ടില്‍ കടന്നു. കഴിഞ്ഞയാഴ്ച നടന്ന മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി വീണ്ടും നടത്തേണ്ടിവന്നത്.
ലിവര്‍പൂള്‍ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്‌സറ്റര്‍ സിറ്റിയെ 3-0ന് തകര്‍ക്കുകയായിരുന്നു. ജോ അലെന്‍ (10ാം മിനിറ്റ്), ഷെയി ഓജോ (74), ജാവോ ടെക്‌സെയ്‌റ (82) എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. നേരത്തേ ഒന്നാംപാദത്തില്‍ എക്‌സറ്റര്‍ 2-2ന് ലിവര്‍പൂളിനെ തളച്ചിരുന്നു. ആദ്യപാദത്തില്‍ ലിവര്‍പൂളിനെ സമ്മര്‍ദ്ദത്തിലാക്കിയ എക്‌സറ്ററിന് കഴിഞ്ഞ കളിയില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. വളരെ കുറച്ച് മുന്നേറ്റങ്ങള്‍ മാത്രമേ അവര്‍ക്കു നടത്താനായുള്ളൂ.
അതേസമയം, പ്രീമിയര്‍ ലീഗില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ലെസ്റ്റര്‍ സിറ്റിയെയാണ് ടോട്ടനം 2-0ന് തോല്‍പ്പിച്ചത്. ഹ്യുങ് മിന്‍ സണ്‍ (39ാം മിനിറ്റ്), നാസര്‍ ചാഡ്‌ലി (66) എന്നിവര്‍ ടോട്ടനത്തിനായി ലക്ഷ്യംകണ്ടു. കഴിഞ്ഞയാഴ്ച ഇരുടീമും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 2-2ന് അവസാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it