thiruvananthapuram local

എഫ്‌സിഐ ഗോഡൗണില്‍ നിന്നും അരികടത്ത്; രണ്ടുപേര്‍ അറസ്റ്റില്‍

പാലോട്: റേഷന്‍ മൊത്തവിതരണ കേന്ദ്രത്തില്‍ അരികടത്ത്. രണ്ടുപേര്‍ അറസ്റ്റില്‍.
കടയുടെ ലൈസന്‍സി പാലൈക്കോണം വടക്കേക്കര വീട്ടില്‍ സന്തോഷ് (48), അരി കടത്താനുപയോഗിച്ച വാഹനത്തിന്റെ ഡ്രൈവര്‍ കരിങ്കുളം പുതിയതുറ കുരിശടിക്കു സമീപം പി എം ഹൗസില്‍ റോബിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയില്‍ വലിയതാന്നിമൂട്ടിലെ എഫ്‌സിഐ ഗോഡൗണിലാണ് സംഭവം.
അവധിദിവസം രാത്രി പതിനൊന്നോടെ ഗോഡൗണ്‍ തുറന്നുകിടക്കുന്നതും അരി മാറ്റുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പാലോട് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐയും സംഘവും സ്ഥലത്തെത്തി. അപ്പോഴേക്കും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുളളവരെ വച്ച് യന്ത്ര സഹായത്തോടെ ചണ ചാക്കിലെ റേഷന്‍ അരി ബ്രാന്റഡ് കമ്പനികളുടെ മുദ്ര പതിപ്പിച്ച പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തില്‍ നിറച്ച ഇരുപതോളം ചാക്കുകള്‍ ലോറിയില്‍ കയറ്റിയ നിലയിലായിരുന്നു.
റേഷന്‍ കടകളിലെത്തിച്ച് വിതരണം നടത്തേണ്ട അരി കരിഞ്ചന്തയിലെത്തിച്ച് കൂടിയ വിലക്ക് വില്‍ക്കാനായിരുന്നു ശ്രമം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി. ക്രമക്കേട് ഉണ്ടെന്ന് കണ്ടെ
ത്തി. കണക്കില്‍പ്പെടാത്ത 80 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണില്‍ അധികമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. കടയുടെ അംഗീകാരം പിന്‍വലിച്ചു. തുടര്‍ നടപടികള്‍ക്കായി ജില്ലാകലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. നെടുമങ്ങാടുളള മറ്റൊരു ലൈസന്‍സിയെ ചുമതലപ്പെടുത്തി റേഷന്‍ വിതരണത്തിന് പകരം സംവിധാനം ഒരുക്കിയതായി സപ്ലൈ ഓഫിസര്‍ ലാലു അറിയിച്ചു. അരി കടത്താനുപയോഗിച്ച ലോറിയും മെഷീനുകളും പോലിസ് കസ്റ്റടിയിലെടുത്തു.
Next Story

RELATED STORIES

Share it