Flash News

എഫ്ബിഐ ഡയറക്ടറെ പുറത്താക്കല്‍ :നിലപാട് മാറ്റി ഡോണള്‍ഡ് ട്രംപ്



വാഷിങ്ടണ്‍: യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതു സംബന്ധിച്ച മുന്‍ അവകാശവാദങ്ങളില്‍ മാറ്റംവരുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിയമകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശ ലഭിച്ചതിനെത്തുടര്‍ന്നാണ് കോമിയെ നീക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ട്രംപിന്റെ ആദ്യ വിശദീകരണം. എന്നാല്‍ ശുപാര്‍ശ ലഭിച്ചതിനാലല്ല നടപടിയെന്നും കോമിയെ പുറത്താക്കാന്‍ താന്‍ നേരത്തേ തീരുമാനിച്ചിരുന്നെന്നും ട്രംപ് മാറ്റിപ്പറഞ്ഞു. ഹിലരി ക്ലിന്റണ്‍ ഇ-മെയില്‍ കേസ് അന്വേഷണത്തില്‍ കൃത്യവിലോപം നടത്തിയെന്നായിരുന്നു കോമിയെ പുറത്താക്കാന്‍ കാരണമായി പറഞ്ഞിരുന്നത്.എന്നാല്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണമാവാം നടപടിക്കു കാരണമെന്നു വിലയിരുത്തപ്പെട്ടിരുന്നു. ഈ വാദം ശരിവയ്ക്കുന്ന തരത്തില്‍ റഷ്യ വിഷയവും കോമിയുടെ പുറത്താക്കലിന് കാരണമായതായി വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് സമ്മതിച്ചു. കോമിയുടെ വിധിനിശ്ചയിക്കുമ്പോള്‍ റഷ്യ വിഷയവും മനസ്സില്‍ വന്നതായി ട്രംപ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് തനിക്കെതിരേ അന്വേഷണമുണ്ടോയെന്ന് മുന്‍ എഫ്ബിഐ മേധാവിയോട് തിരക്കിയതായും ട്രംപ് അഭിമുഖത്തില്‍ സമ്മതിച്ചു. കോമി പ്രശസ്തിക്കു വേണ്ടി എന്തും ചെയ്യുന്നയാളാണെന്നും ട്രംപ് ആരോപിച്ചു. അതേസമയം, ട്രംപിന്റെ അഭിപ്രായങ്ങള്‍ക്കെതിരേ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് മാര്‍ക് വാര്‍ണര്‍ വിമര്‍ശനവുമായെത്തി. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ അപമാനിക്കുന്നതാണ് ട്രംപിന്റെ നിലപാടെന്നു വാര്‍ണര്‍ പറഞ്ഞു. ട്രംപിന്റെ പ്രചാരണത്തില്‍ റഷ്യയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍  പുറത്താക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ്  കോമി ആവശ്യപ്പെട്ടതായി സെനറ്റ് അംഗങ്ങള്‍ അറിയിച്ച വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it