എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍: ആഴ്‌സനലിനും ചെല്‍സിക്കും അടിതെറ്റി

ലണ്ടന്‍: നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സനലും മുന്‍ ജേതാക്കളായ ചെല്‍സിയും അട്ടിമറി തോല്‍വിയോടെ എഫ്എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ആഴ്‌സനലിനെ 1-2ന് വാട്‌ഫോര്‍ഡാണ് അട്ടിമറിച്ചത്.
എന്നാല്‍, ഏഴു തവണ ചാംപ്യന്‍മാരായ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് എവര്‍ട്ടന്‍ ഞെട്ടിക്കുകയായിരുന്നു. വാട്‌ഫോര്‍ഡിനു വേണ്ടി ഒഡിയോന്‍ ഇഗാലോയും (50ാം മിനിറ്റ്) അഡ്‌ലിനെ ഗുഹെഡിയോറയുമാണ് (64) സ്‌കോര്‍ ചെയ്തത്. ഗണ്ണേഴ്‌സിന്റെ ആശ്വാസ ഗോള്‍ 88ാം മിനിറ്റില്‍ ഡാനി വെല്‍ബാക്കിന്റെ വകയായിരുന്നു.
അതേസമയം, സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത് ചെല്‍സിക്ക് മറ്റൊരു നാണക്കേടായി. 84ാം മിനിറ്റില്‍ എവര്‍ട്ടന്‍ താരം ഗരെത് ബാരിയുടെ കഴുത്തിന് കടിച്ചെന്ന് ആരോപിച്ചാണ് കോസ്റ്റയ്ക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത്. എന്നാല്‍, കോസ്റ്റ തന്നെ കടിച്ചിട്ടില്ലെന്ന് ബാരിയും പ്രതികരിച്ചു.
ഇരട്ട ഗോള്‍ നേടിയ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവാണ് ചെല്‍സിക്കെതിരേ എവര്‍ട്ടന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു ലുക്കാക്കുവിന്റെ ഗോള്‍ നേട്ടം. 77, 82 മിനിറ്റുകളിലാണ് താരം എവര്‍ട്ടനു വേണ്ടി നിറയൊഴിച്ചത്. 87ാം മിനിറ്റില്‍ ബാരിയും രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി.
Next Story

RELATED STORIES

Share it