wayanad local

എന്‍സിസി അക്കാദമിക്ക് സ്ഥലം കൈമാറി

മാനന്തവാടി: ജില്ലയില്‍ മാനന്തവാടി ആസ്ഥാനമായി ആരംഭിക്കുന്ന എന്‍സിസി ബറ്റാലിയനും അതോടനുബന്ധിച്ചുള്ള ട്രെയിനിങ് അക്കാദമിക്കും സ്ഥലം കൈമാറി റവന്യൂ വകുപ്പ് ഉത്തരവിറക്കി. ട്രെയിനിങ് അക്കാദമിയുടെ ശിലാസ്ഥാപനം മാര്‍ച്ച് ഒന്നിനു രാവിലെ 11ന് മക്കിമലയില്‍ നടക്കുമെന്നു മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
തവിഞ്ഞാല്‍ വില്ലേജില്‍ റീസര്‍വേ 68/1ബിയില്‍പ്പെട്ട രണ്ടേക്കര്‍ ഭൂമിയാണ് റവന്യൂവകുപ്പ് എന്‍സിസിക്ക് കൈമാറിയത്. 1989ല്‍ പ്രിയദര്‍ശിനി എസ്റ്റേറ്റിന് അനുവദിച്ച ഭൂമിയാണിത്. രണ്ടു സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്.
2013 ഒക്ടോബര്‍ 26ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മാനന്തവാടിക്ക് എന്‍സിസി ബറ്റാലിയനും ട്രെയിനിങ് അക്കാദമിയും അനുവദിച്ചത്. പിന്നീട് ഇതു സംബന്ധിച്ച് നിരവധി തവണ ഉന്നതതല യോഗങ്ങള്‍ നടത്തുകയും ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിക്കുകയുമായിരുന്നു. കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യം ഒരുക്കുന്നതിനും രണ്ടു കോടി രൂപ നേരത്തെ എന്‍സിസി നീക്കിവച്ചിരുന്നു. നിലവില്‍ ജില്ലയില്‍ എന്‍സിസി സബ് യൂനിറ്റ് ആരംഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച 33 സ്‌കൂളുകളില്‍ ഇതോടെ അടുത്ത അധ്യയന വര്‍ഷം യൂനിറ്റ് ആരംഭിക്കാന്‍ കഴിഞ്ഞേക്കും. കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുന്നതു ലക്ഷ്യംവച്ചാണ് അക്കാദമി ജില്ലയില്‍ ആരംഭിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വഴിയാണ് അക്കാദമിക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. 3,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ ഇവിടെ സൗകര്യമുണ്ടാവും. താമസിച്ച് വിവിധ ക്യാംപുകളില്‍ പങ്കെടുക്കാനും സാധിക്കും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള 400 ആണ്‍കുട്ടികള്‍ക്കും 200 പെണ്‍കുട്ടികള്‍ക്കും വീതം ദശദിന ക്യാംപുകളിലായി ഇവിടെ പരിശീലനം നല്‍കും.
സ്ഥിരം പട്ടാളസാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാവും. എന്‍സിസി വരുന്നതോടെ എന്‍ട്രി കേഡറില്‍ അമ്പതു ശതമാനം തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ പട്ടികവര്‍ഗക്കാര്‍ക്കായിരിക്കും ജോലി ലഭിക്കുക. ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും ആശ്രമം സ്‌കൂളുകള്‍ക്കും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കും എന്‍സിസി സബ് യൂനിറ്റുകള്‍ അനുവദിക്കുന്നതിനും നടപടിയുണ്ടാവും. എന്‍സിസി അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ രാജേഷ് ത്യാഗിയുടെ നേതൃത്വത്തില്‍ പട്ടാളത്തിലെ ഉന്നതോദ്യോഗസ്ഥര്‍ ജില്ലയിലെത്തി അക്കാദമിക്ക് ആവശ്യമായ സംവിധാനങ്ങള്‍ വിലയിരുത്തും. എന്‍സിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍ ചടങ്ങില്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it