എന്‍സിപിയുമായി സഹകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) നീക്കം

തിരുവനന്തപുരം: എന്‍സിപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കേരള കോണ്‍ഗ്രസ്(ബി) നീക്കമെന്നു വാര്‍ത്തകള്‍. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ജനുവരി ആറിന് മുംബൈയിലെത്തി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത്പവാറിനെ കാണുമെന്നാണു സൂചന. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ദേശീയ നേതൃത്വവുമായുള്ള പിള്ളയുടെ കൂടിക്കാഴ്ച. ഇരുപാര്‍ട്ടികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സിപിഎം നേതാക്കളുടെ പിന്തുണയുമുണ്ട്. പാര്‍ട്ടി വിപുലീകരണം ഇന്ന് കൊച്ചിയില്‍ ചേരുന്ന എന്‍സിപി യോഗം ചര്‍ച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപിയുടെ ഒഴിവുള്ള മന്ത്രിപദം ലക്ഷ്യമിട്ടുള്ള നീക്കമാണ് പിള്ളയുടേത്. നിലവില്‍ എന്‍സിപിക്ക് രണ്ട് അംഗങ്ങളാണ് നിയമസഭയില്‍ ഉള്ളത്. ഇവര്‍ രണ്ടുപേരും കേസുകളില്‍ പെട്ട് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇവരില്‍ ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്നയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു എന്‍സിപി നിലപാട്. എന്നാല്‍ എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളിക്കേസും തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയേറ്റക്കേസും കോടതിയുടെ പരിഗണനയിലായതിനാല്‍ മന്ത്രിസഭയിലെ പാര്‍ട്ടി സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. സഹകരിച്ചുപ്രവര്‍ത്തിക്കുക വഴി ഈ സീറ്റ് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന് നല്‍കാനാവുമെന്നാണു പിള്ളയുടെ കണക്കുകൂട്ടല്‍. മാത്രമല്ല എന്‍സിപിയിലൂടെ എല്‍ഡിഎഫ് പ്രവേശനവും പിള്ളയ്ക്ക് സാധ്യമാവും. ശശീന്ദ്രന്‍, ചാണ്ടി പക്ഷത്തുനില്‍ക്കാത്ത എന്‍സിപിയിലെ നേതാക്കള്‍ക്കു ഗണേഷിനെ മന്ത്രിയാക്കുന്നതിനോട് യോജിപ്പാണ്. സിപിഎമ്മിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. ഇരുപാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ നേരത്തെ കൂടിയാലോചന നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ കേരളാ കോണ്‍ഗ്രസ്(ബി) നേതൃത്വം ലയന വാര്‍ത്തകള്‍ നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മന്ത്രിയാവാനില്ലെന്നും എന്‍സിപിയുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  മന്ത്രിയാവാന്‍ തനിക്ക് താല്‍പര്യമില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ല. ഇടതുമുന്നണിക്ക് താല്‍പര്യമുണ്ടെങ്കില്‍ കേരളാ കോണ്‍ഗ്രസ് ബിയുടെ പ്രതിനിധി ആയിത്തന്നെ മന്ത്രിസഭയില്‍ എത്തുമെന്നും ഗണേഷ് പറഞ്ഞു. പാര്‍ട്ടിയെ പിളര്‍ത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ പ്രതികരണം.
Next Story

RELATED STORIES

Share it