എന്‍സിപിയില്‍ ഭിന്നത രൂക്ഷം

കൊച്ചി: കേരളാ കോണ്‍ഗ്രസ് (ബി)യുമായി സഹകരിക്കുന്നതിനെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷം. ഇന്നലെ കൊച്ചിയില്‍ സംസ്ഥാനാധ്യക്ഷന്‍ ടി പി പീതാംബരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് നേതാക്കള്‍  ചേരിതിരിഞ്ഞ് പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്നത്. മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുടെ വരവിനെ അനുകൂലിച്ചും എ കെ ശശീന്ദ്രനുള്‍പ്പെടെയുള്ളവര്‍ എതിര്‍ഭാഗത്തും നിലകൊണ്ടതോടെയാണ് യോഗം കലുഷിതമായത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങിയ യോഗത്തില്‍ എന്‍സിപി-കേരളാ കോണ്‍ഗ്രസ് (ബി) സഹകരണം സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ നിജസ്ഥിതി ചര്‍ച്ചചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.  ഇതേത്തുടര്‍ന്ന് ബാലകൃഷ്ണപിള്ള ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയതായി ടി പി പീതാംബരന്‍ യോഗത്തില്‍ സമ്മതിച്ചു.  ഇതോടെ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്നു. പാര്‍ട്ടിയോട് ആലോചിക്കാതെ ചര്‍ച്ച നടത്തിയതും ലയന പാക്കേജ് അവതരിപ്പിച്ചതും അംഗീകരിക്കാനാവില്ലെന്ന് എ കെ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ വാദിച്ചു. പിള്ള പാര്‍ട്ടിയെ വിഴുങ്ങുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പാര്‍ട്ടിയില്‍ പുതിയ ആളുകള്‍ വരണമെന്നും കെ മുരളീധരന്‍ പാര്‍ട്ടി പ്രസിഡന്റായപ്പോഴാണ് പാര്‍ട്ടിക്ക് ജീവന്‍ വച്ചതെന്നും സഹകരണത്തെ അനുകൂലിക്കുന്നവര്‍ പറഞ്ഞു.  ഇടതുമുന്നണിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും മുന്നണി കാബിനറ്റ് പദവി നല്‍കിയിട്ടുള്ളയാളാണ് ആര്‍ ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന് അയിത്തം കല്‍പിക്കാനുള്ള യോഗ്യതയൊന്നും ഇന്ന് എന്‍സിപിക്കില്ലെന്നും ഒരു വിഭാഗം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ബിയുമായുള്ള ലയനം ഏതാണ്ട് ഒരു വര്‍ഷം മുമ്പ് മുതല്‍ പാര്‍ട്ടി ആലോചിക്കുന്നതാണ്. എ കെ ശശീന്ദ്രന്‍ മന്ത്രിയായിരുന്നപ്പോള്‍ത്തന്നെ ഇത്തരം ചര്‍ച്ചകള്‍ നടന്നിരുന്നു. അന്നതിനെ സ്വാഗതം ചെയ്ത ശശീന്ദ്രന്‍ ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നതിന്റെ യുക്തിയും ചിലര്‍ ചോദ്യം ചെയ്തു.  ഇതിനിടെ കേരളാ കോണ്‍ഗ്രസ് (ബി) മാത്രമല്ല, കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പിയെയും പാര്‍ട്ടിയില്‍ കൊണ്ടുവരണമെന്ന ശക്തമായ നിലപാടുമായി മാണി സി കാപ്പനടക്കമുള്ളവരും രംഗത്തുവന്നു. പാക്കേജിന്റെ അടിസ്ഥാനത്തിലുള്ള ലയനം അംഗീകരിക്കുന്നില്ല. എന്നാല്‍, പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്. അതിനെതിരേ സങ്കുചിതമായ കാര്യങ്ങള്‍ ഉന്നയിച്ച് ഇത്തരം നീക്കങ്ങളെ തടസ്സപ്പെടുത്തരുതെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമില്ലെന്നു പീതാംബരന്‍ യോഗത്തില്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെയും മുന്നണിയുടെയും ശോഭനമായ ഭാവിയാണ് ആഗ്രഹിക്കുന്നതെന്നും പീതാംബരന്‍ വ്യക്തമാക്കി. എന്നിരുന്നാലും പാര്‍ട്ടിയിലെ ഭിന്നാഭിപ്രായം കണക്കിലെടുത്ത് ലയനനീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നേതാക്കളുടെ കടുത്ത വിമര്‍ശനത്തിനൊടുവില്‍ മാര്‍ച്ചില്‍ സംഘടനാ തിരഞ്ഞെടുപ്പിനു ശേഷം വിഷയം ചര്‍ച്ച ചെയ്താല്‍ മതിയെന്ന്  തീരുമാനമെടുത്ത് യോഗം പിരിഞ്ഞു. യോഗശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന അധ്യക്ഷ ന്‍ ടി പി പീതാംബരന്‍, പാര്‍ട്ടിയില്‍ ലയിക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി) ഉള്‍പ്പെടെയുള്ളവര്‍ താല്‍പര്യം അറിയിച്ചിരുന്നുവെന്ന് വിശദീകരിച്ചു. പക്ഷേ ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്നും സംഘടനാ തിരഞ്ഞെടുപ്പിനു ശേഷമെ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകൂവെന്നും വ്യക്തമാക്കി. പാര്‍ട്ടി തീരുമാനമുണ്ടായ ശേഷം ഇക്കാര്യം ആലോചിക്കും. കോടതിവിധി അനുകൂലമായാല്‍ എ കെ ശശീന്ദ്രന്‍ തന്നെയായിരിക്കും എന്‍സിപിയുടെ മന്ത്രി. ഇക്കാര്യം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 11നാരംഭിച്ച് മാര്‍ച്ച് 18ന് സംസ്ഥാന പ്രസിഡന്റ്് ഇലക്ഷനോടെ അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തോമസ് ചാണ്ടി എംഎല്‍എ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല.
Next Story

RELATED STORIES

Share it