Flash News

എന്‍സിപിയില്‍ ഭിന്നത രൂക്ഷം ; അധ്യക്ഷനെ നീക്കണമെന്ന് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം



കോട്ടയം: നാഷനലിസ്റ്റ് കോ ണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) യില്‍ അഭിപ്രായഭിന്നത രൂക്ഷം. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനെതിരേ സംസ്ഥാന ഖജാഞ്ചികൂടിയായ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പരസ്യമായി രംഗത്തെത്തിയതോടെയാണു പാര്‍ട്ടിയിലെ പടലപ്പിണക്കം മറനീക്കി പുറത്തുവന്നത്.ഉഴവൂര്‍ വിജയനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പന്‍ രംഗത്തെത്തിയപ്പോള്‍, അച്ചടക്കലംഘനം നടത്തിയ മാണി സി കാപ്പനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കണമെന്ന് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗവും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. അടുത്ത 10ന് ഡല്‍ഹിയില്‍ നടക്കുന്ന എന്‍സിപിയുടെ  19ാം ജന്‍മദിന പരിപാടിയില്‍ വച്ച് പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ കേന്ദ്രനേതൃത്വവുമായി വിശദമായി ചര്‍ച്ചചെയ്യാനാണ് ഇരുകൂട്ടരുടെയും തീരുമാനം. അഖിലേന്ത്യാതലത്തിലുള്ള ചര്‍ച്ചയില്‍ സമവായമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്കായിരിക്കും പോവുക.ഫോണ്‍കെണി വിവാദത്തി ല്‍പ്പെട്ട് എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും തോമസ് ചാണ്ടി പകരം ചുമതലയേല്‍ക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത മൂര്‍ച്ഛിച്ചത്. ഡിഐസിയില്‍ നിന്നു വന്ന തോമസ് ചാണ്ടിയുടെ ഏറ്റവും അടുത്തയാളായാണ് ഉഴവൂര്‍ വിജയന്‍ നിലകൊണ്ടിരുന്നത്. എന്നാല്‍, എ കെ ശശീന്ദ്രനെ മാറ്റി തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് ഉഴവൂരിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. മന്ത്രിയെ ഫോണ്‍കെണിയില്‍ കുടുക്കിയതിനു പിന്നില്‍ പാര്‍ട്ടിയിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇന്നലെ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉഴവൂര്‍ വിജയനൊപ്പമുള്ളവര്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. മന്ത്രിയെ കുടുക്കിയതില്‍ മാണി സി കാപ്പന് പങ്കുണ്ടെന്നായിരുന്നു കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആരോപണം. പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കാതെ തിരഞ്ഞെടുപ്പ് വേളയില്‍ മാത്രം പ്രത്യക്ഷപ്പെടുന്നയാളാണ് മാണി സി കാപ്പന്‍. പാര്‍ട്ടിക്ക് അപമാനമായ കാപ്പന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലം എല്‍ഡിഎഫിന് നഷ്ടപ്പെടുത്തി. മന്ത്രി തോമസ് ചാണ്ടിയുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തുന്നതിന് അനുവദിക്കാത്തതിനാലാണ് സംസ്ഥാന അധ്യക്ഷനെതിരേ ഇത്തരത്തില്‍ മാണി സി കാപ്പന്‍ ആരോപണമുയര്‍ത്തുന്നത്. കേരളത്തിലെ മുഴുവന്‍ ജില്ലാ കമ്മിറ്റികളുടെയും പിന്തുണ ഉഴവൂര്‍ വിജയനാണെന്നും ഭാരവാഹികള്‍ പറയുന്നു. അതേസമയം, തോമസ് ചാണ്ടിയുടെ പരോക്ഷപിന്തുണയിലാണ് മാണി സി കാപ്പന്റെ നേതൃത്വത്തില്‍ എതിര്‍ചേരി രൂപപ്പെട്ടിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളുടെ ശോഭകെടുത്തുംവിധമാണു സംസ്ഥാന പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നാണു കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആലപ്പുഴയും കൊല്ലവും ഉള്‍പ്പെടെ 9 ജില്ലാ കമ്മിറ്റികളുടെയും ഒരു സംസ്ഥാന വൈസ് പ്രസിഡന്റിന്റെയും പിന്തുണയുണ്ടെന്നാണ് മാണി സി കാപ്പനൊപ്പമുള്ളവരുടെ അവകാശവാദം. ഉഴവൂര്‍ വിജയനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് എന്തുവിലകൊടുത്തും മാറ്റിയിരിക്കുമെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ഉഴവൂരിനു പകരം മാണി സി കാപ്പനെ പ്രസിഡന്റാക്കണമെന്നാണു മറുവിഭാഗത്തിന്റെ ആവശ്യം.
Next Story

RELATED STORIES

Share it