എന്‍സിഎ നിയമനം: പിഎസ്‌സി ചട്ടലംഘനം തുടരുന്നുവെന്ന് മെക്ക

കൊച്ചി: എന്‍സിഎ നിയമനകാര്യത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവ് അനുസരിക്കാതെ പിഎസ്‌സി ചട്ടലംഘനം നടത്തിയെന്ന് മെക്ക ആരോപിച്ചു. എച്ച്എസ്എ അറബിക് തസ്തികയിലേക്ക് നാലാമത്തെ എന്‍സിഎ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (എല്‍പിഎസ്) ആറാം തവണയാണ് എന്‍സിഎ വിജ്ഞാപനം ചെയ്തിട്ടുള്ളത്. രണ്ടുതവണയില്‍ കുറയാതെ റീനോട്ടിഫിക്കേഷന്‍ നടത്തിയിട്ടും നിശ്ചിത സംവരണ സമുദായ ഉദ്യോഗാര്‍ഥിയെ ലഭ്യമല്ലെങ്കില്‍ മാതൃലിസ്റ്റില്‍ അവശേഷിക്കുന്ന പിന്നാക്ക പട്ടിക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ നിയമിക്കണമെന്ന വ്യവസ്ഥ പിഎസ്‌സി നിരന്തരം ലംഘിക്കുകയാണ്. പ്രത്യേകിച്ച് മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ മാത്രം മാതൃലിസ്റ്റില്‍ അവശേഷിക്കുന്ന അറബിക്, ഉര്‍ദു തസ്തികകളിലാണ് വിചിത്ര നടപടിയെന്നും മെക്ക ആരോപിച്ചു.
ഭരണഘടനാസ്ഥാപനമായ പിഎസ്‌സിയുടെ ചട്ടലംഘനം ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണെന്നും രണ്ടു മാസത്തിനകം സ്വീകരിച്ച് പരിഹാര നടപടി അറിയിക്കണമെന്ന ന്യൂനപക്ഷ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി ഒരുമാസം പോലും തികയും മുമ്പാണ് പിഎസ്‌സി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവിനെയും വെല്ലുവിളിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
സംസ്ഥാന ജനസംഖ്യയിലെ ഏറ്റവും വലിയ സംവരണ സമുദായവും ന്യൂനപക്ഷവുമായ മുസ്‌ലിംകള്‍ക്കെതിരെയുള്ള ഇത്തരം നടപടി പിഎസ്‌സി അവസാനിപ്പിക്കണം. പിഎസ്‌സിയുടെ ഇത്തരം ചട്ടലംഘനങ്ങളും നടപടിക്രമങ്ങളും അടിയന്തരമായി ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തുന്നതിന് നിര്‍ദേശിച്ച 10 വര്‍ഷം പിന്നിട്ട പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപോര്‍ട്ടും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. പാലോളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷത്തെ കാര്യമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ നടപടികള്‍ക്ക് നിര്‍ദേശമുണ്ടെങ്കിലും അതൊന്നും നടപ്പാക്കുവാനോ പരിശോധിക്കുവാനോ ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരെ കേള്‍ക്കാനോ സര്‍ക്കാരിനും ന്യൂനപക്ഷവകുപ്പ് മന്ത്രിക്കും താല്‍പര്യമില്ലെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. എന്‍സിഎ നിയമനം സംബന്ധിച്ച അപാകതകള്‍ പരിഹരിക്കുന്നതിനു നടപടി ആവശ്യപ്പെട്ട് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി ന്യൂനപക്ഷ കമ്മീഷന് നല്‍കിയ ഹരജിയിലെ വിധി നടപ്പാക്കാന്‍ പിഎസ്‌സി തയ്യാറാവണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.







Next Story

RELATED STORIES

Share it