kasaragod local

എന്‍വൈഎല്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് കൈയാങ്കളിയില്‍ കലാശിച്ചു

കാസര്‍കോട്: ഇന്നലെ പുതിയ ബസ് സ്റ്റാന്റ് സ്പീഡ് വേയില്‍ നടന്ന നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ മീറ്റ് കൈയ്യാങ്കളിയില്‍ കലാശിച്ചു. എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ്, സെക്രട്ടറി അഷറഫ് മാസ്റ്റര്‍, ട്രഷറര്‍ മന്‍സൂര്‍ ഒറവങ്കര തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.
ബഹളവും കസേരയേറും നടന്നതോടെ യോഗനടപടിയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നിര്‍ത്തിവച്ചു. ജില്ലയിലെ 34 കൗണ്‍സില്‍ അംഗങ്ങള്‍ അടങ്ങിയ യോഗമാണ് വൈകിട്ടോടെ ആരംഭിച്ചത്. കൗണ്‍സിലില്‍ രണ്ട് വനിതാ പ്രതിനിധികളും ഉണ്ടായിരുന്നു. എന്‍വൈഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ് ചേരങ്കൈയുടെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് റഹീം ബെണ്ടിച്ചാലിന്റെ പേരുമാണ് ജില്ലയിലെ നാല് മണ്ഡലങ്ങളായ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ സംസ്ഥാന നേതാക്കളും ഐഎന്‍എല്‍ ജില്ലാ നേതാവും ഇത് എതിര്‍ത്തതോടെ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയായിരുന്നു. ചില സംസ്ഥാന, ജില്ലാ നേതാക്കളുടെ താല്‍പര്യത്തില്‍ എന്‍വൈഎല്‍ കമ്മിറ്റിയെ തളച്ചിടാന്‍ അനുവദിക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു.
ഒരു മണിക്കൂര്‍ നടന്ന യോഗം ആരംഭിച്ചപ്പോള്‍ തന്നെ മുറുമുറുപ്പ് തുടങ്ങിയിരുന്നു. യോഗ നടപടി അലങ്കോലപ്പെട്ടതോടെ ഒരാഴ്ചക്കുള്ളില്‍ വിശദമായ കണ്‍വന്‍ഷന്‍ നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്ന് ഒരു എന്‍വൈഎല്‍ നേതാവ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it