kasaragod local

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇല്ലാത്ത കുട്ടികളുടെ പരസ്യം; ഒരു ലക്ഷം അനുവദിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയെന്ന് കാണിച്ച് എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രണ്ട് കുട്ടികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച സംഭവം വിവാദമായതിന് പിന്നാലെ ഈ കുടുംബത്തിന് ഒരു ലക്ഷം അനുവദിച്ചു. ചെട്ടുംകുഴിയിലെ സീതി-മൈമൂന ദമ്പതികളുടെ മക്കളായ ഷംനയ്ക്കും ഹസ്സനും ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ചികില്‍സാ സഹായ നിധിയില്‍ നിന്ന് അനുവദിച്ചത്.
റിപബ്ലിക് ദിനത്തിലാണ് ഇവര്‍ക്കും കരുതല്‍വേണ്ടെ എന്ന പിആര്‍ഡി പരസ്യത്തില്‍ ആനൂകൂല്യം ലഭിക്കാത്ത കുട്ടികളുടെ ഫോട്ടോ നല്‍കിയത്. ഇതുസംബന്ധിച്ച് തേജസ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് തുക അനുവദിച്ചതായി ഇന്നലെ ഇന്‍ഫര്‍മേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ പരിധിയില്‍പെടാത്ത പഞ്ചായത്തില്‍ താമസിക്കുന്നതിനാല്‍ ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടന്ന സമരത്തില്‍ ഈ കുട്ടികളും മാതാവും പങ്കെടുത്തിരുന്നു. ജന്മനാ എല്ല് പൊടിയുന്ന രോഗവുമായാണ് ഇവരുടെ രണ്ട് കുട്ടികളും.
മൂത്ത കുട്ടി ഷംനക്ക് 15 വയസും ഇളയകുട്ടി ഹസന് ഒന്നരവയസുമാണ് പ്രായം. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മേയ്മാസത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി-കരുതല്‍ 2015ല്‍ ഈ കുട്ടികളേയും കൊണ്ട് രക്ഷിതാക്കള്‍ എത്തിയിരുന്നു. ഈ സമയത്ത് എടുത്ത ഫോട്ടോയാണ് പിആര്‍ഡി പരസ്യത്തില്‍ പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it