എന്‍ഡോസള്‍ഫാന്‍: ലിസ്റ്റില്‍ ഇടംനേടാതെ ആയിരങ്ങള്‍ പുറത്ത്‌

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 1191 പേര്‍ മാത്രം. 2011നു മുമ്പ് ബാങ്കില്‍ നിന്നു വായ്പ എടുത്ത, ഇപ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ മൂന്ന് ലക്ഷത്തില്‍ താഴെയുള്ള ബാങ്ക് കടങ്ങളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിലേക്കാവശ്യമായ ഫണ്ട് ഇനിയും അനുവദിച്ചിട്ടില്ല. ജില്ലയിലെ 11 പഞ്ചായത്തുകളിലായി ആയിരങ്ങളാണ് ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് ജപ്തിഭീഷണി നേരിടുന്നത്. ചികില്‍സയ്ക്കാണ് പലരും ബാങ്കുകളില്‍ നിന്ന് കടം എടുത്തിരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 2011 ജൂണിലാണ് സാമ്പത്തിക സഹായവും ചികില്‍സയും നല്‍കിത്തുടങ്ങിയത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ കടങ്ങള്‍ മാത്രമാണ് എഴുതിത്തള്ളുന്നത്. ഇതനുസരിച്ച് 1191 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഇന്ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ഇവരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ കുറിച്ച് കൃഷിമന്ത്രി കെ പി മോഹനന്‍ പ്രഖ്യാപനം നടത്തുമെന്നാണറിയുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബാങ്കില്‍നിന്ന് എടുത്ത വായ്പയ്ക്ക് ജപ്തി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ ബാങ്കുകള്‍ക്ക് പ്രത്യേക നോട്ടീസ് നല്‍കും.

ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഫണ്ട് കിട്ടുന്ന മുറയ്ക്ക് അടച്ചുതീര്‍ക്കാമെന്നുമാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ അധികൃതര്‍ ബാങ്കുകളെ രേഖാമൂലം അറിയിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കര്‍ശന നിര്‍ദേശമുണ്ടായിട്ടും പല ബാങ്കുകളും ഇപ്പോഴും ജപ്തി നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ അനിശ്ചിതകാല കഞ്ഞിവയ്പ്പു സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്ന മുറവിളിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇരകളുടെ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച കാര്യങ്ങളില്‍ ഒരു പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞയാഴ്ച ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച പത്തോളം ഹരജികള്‍ തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് കെ വിനോദ്ചന്ദ്രനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Next Story

RELATED STORIES

Share it