kasaragod local

എന്‍ഡോസള്‍ഫാന്‍: മെഡിക്കല്‍ പരിശോധന ഉദാരമാക്കണം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മെഡിക്കല്‍ പരിശോധന ഉദാരമാക്കണമെന്നും അര്‍ഹരായ പരാതിക്കാരെ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എല്ലാ സഹായങ്ങളും നല്‍കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാംപിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും പ്രതേ്യക സംവിധാനത്തിന് രൂപം നല്‍കണമെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ പരിശോധനാ ക്യാംപ്, മാര്‍ഗരേഖ, ഫീല്‍ഡ് തല അനേ്വഷണം എന്നിവ സംബന്ധിച്ച് പരാതിയുള്ളവര്‍ ജില്ലാ കലക്ടര്‍ക്ക് എഴുതി നല്‍കണമെന്നും കലക്ടര്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാംപിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരിശോധനാ റിപോര്‍ട്ടിന്റെയും മറ്റും അടിസ്ഥാനത്തില്‍ പരാതിക്കാരില്‍ ചിലര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരല്ലെന്ന് ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അത്തരക്കാരെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സൗജന്യചികില്‍സ നല്‍കാന്‍ തയ്യാറാണ്.
സ്‌പെഷ്യലിസ്റ്റ് പരിശോധന പ്രഹസനമാണെന്ന് പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു. പരാതികള്‍ ക്ഷമയോടെ കേള്‍ക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. കലക്ടര്‍ പറയുന്നതു പോലെ ഫീല്‍ഡ് തല സര്‍വേ നടന്നതായി അറിയില്ല. സമാന അവശതകള്‍ അനുഭവിക്കുന്ന ചിലരെ പട്ടികയില്‍ ഉള്‍പ്പെടുത്തി ചിലരെ ഒഴിവാക്കിയത് വിവേചനമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രോഗബാധിതര്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
കൂലിപ്പണിക്കാരാണ് അധികവും. രോഗം, അംഗവൈകല്യം, സര്‍ക്കാര്‍ അനാസ്ഥ വഴിയുണ്ടാകുന്ന അനര്‍ഹമായ ദാരിദ്ര്യം എന്നീ അവസ്ഥകളില്‍ പൊതുസഹായത്തിനുള്ള അവകാശം ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 41ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇവര്‍ക്ക് സഹായം നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.  കലക്ടര്‍ കമ്മീഷനില്‍ നല്‍കിയ റിപോര്‍ട്ടിലുള്ള ഫീല്‍ഡ് തല അനേ്വഷണവും നിലവിലെ മാര്‍ഗരേഖയും സുപ്രീംകോടതിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും അനുവദിച്ച ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്താനാകരുതെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു.
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാംപിന്റെ നിഗമനങ്ങളെ കുറിച്ചുള്ള പരാതികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കണം. എന്‍ഡോസള്‍ഫാന്‍ രോഗബാധിതരെ വിലയിരുത്താനുള്ള അനുഭവസമ്പത്ത്, പ്രാഗല്‍ഭ്യം, മതിയായ സജ്ജീകരണങ്ങള്‍ തുടങ്ങിയവ ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
രോഗികളെയെല്ലാം ഡോക്ടര്‍മാര്‍ പരിശോധിച്ചോ എന്നും വ്യക്തമല്ല. ഉത്തരവ് ചീഫ് സെക്രട്ടറി, റവന്യൂ, ആരോഗ്യ സെക്രട്ടറിമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് അയച്ചു.  വിഷയം മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിലും കൊണ്ടുവരും. 22 പേര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it