എന്‍ഡോസള്‍ഫാന്‍: മൂന്നു ലക്ഷം വരെയുള്ള കടം എഴുതിത്തള്ളും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. 50,000 രൂപ വരെയുള്ള കടങ്ങള്‍ നേരത്തേ എഴുതിത്തള്ളിയിട്ടുണ്ട്. പുതുതായി  ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം അര്‍ഹരായ എല്ലാവര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശപ്രകാരമുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാനും തീരുമാനിച്ചു. ഇതിനു വേണ്ടി 30 കോടി രൂപ ലഭ്യമാക്കും.
സുപ്രിംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൂര്‍ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അഞ്ചു ലക്ഷം  വീതവും മറ്റു വൈകല്യങ്ങളുള്ളവര്‍ക്ക് മൂന്നു ലക്ഷം വീതവും നല്‍കും. ദുരിതബാധിതരായ കാന്‍സര്‍രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍  പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഴുവന്‍ ദുരിതബാധിതരെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളുടെ ചുമതല സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതബാധിതര്‍ക്കു വേണ്ടി പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കും.
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, കാസര്‍കോട് കലക്ടര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it