എന്‍ഡോസള്‍ഫാന്‍ പട്ടിണിസമരം; ദുരിതബാധിതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണിസമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ദുരിതബാധിതരുടെ കണക്കുകള്‍ സംബന്ധിച്ച ആശയക്കുഴപ്പം കാരണമാണ് ചര്‍ച്ച പരാജയപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവവും സമരക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ തടസ്സമായി.
അടുത്തമാസം മുന്നിനു വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, മന്ത്രി കെപി മോഹനന്‍, വി ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്നു കാസര്‍കോട് ചേരുന്ന എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ യോഗത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രി കെപി മോഹനനും കാസര്‍കോട് ചര്‍ച്ചയില്‍ പങ്കെടുക്കും. എന്നാല്‍, ഇന്നു നടക്കുന്ന സെല്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നു സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി തയ്യാറായത്. സര്‍ക്കാര്‍ ധനസഹായത്തിന്റെ ഒരു ഗഡുപോലും ലഭിക്കാത്തവരും സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തരസഹായം എത്രയും പെട്ടെന്നു നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തളളി ബാങ്ക് ജപ്തിയില്‍നിന്നു രക്ഷിക്കുക, പതിനൊന്ന് പഞ്ചായത്തുകള്‍ക്ക് പുറത്തുനിന്നുളള ദുരിതബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക, ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണിസമരം നടത്തുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കൃഷിമന്ത്രി കെ പി മോഹനന്റെയും നിരുത്തരവാദപരമായ നിലപാടിനെ തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍ക്കുന്നതിനുളള ചര്‍ച്ച പരാജയപ്പെട്ടതെന്ന് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.
ചര്‍ച്ചയ്ക്കുളള പ്രാഥമികമായ ഒരുക്കങ്ങള്‍ പോലും നടത്താതെയാണ് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും ചര്‍ച്ചയ്ക്ക് എത്തിയത്. സഹായം നല്‍കാനുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടികയും ഇല്ലായിരുന്നു. നിലവില്‍ 5,887 പേര്‍ പട്ടികയില്‍ ഉണ്ടെങ്കിലും 5,227 പേര്‍ മാത്രമേ ഉള്ളൂ എന്ന തെറ്റായ കണക്കാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. പട്ടികയില്‍ ഉള്ളവരില്‍തന്നെ മൂവായിരത്തോളം പേര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച സഹായങ്ങള്‍ കൊടുത്തിട്ടുമില്ല. ഈ വിഷയത്തില്‍ കൃത്യമായ പരിഹാരം ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്.
Next Story

RELATED STORIES

Share it