എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അമ്മമാരും കുട്ടികളും പട്ടിണി സമരം തുടങ്ങി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ ദുരിതബാധിതരായ കുട്ടികളും അമ്മമാരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിച്ചു.
രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റിപ്പബ്ലിക് ദിനത്തില്‍ സമരം ആരംഭിച്ചത്. 2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ കഞ്ഞിവെപ്പ് സമരം നടത്തിയിരുന്നു. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ അന്ന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിയുമ്പോഴും ഭാഗികമായി ചില നടപടികളെടുത്തതല്ലാതെ പ്രധാന ആവശ്യങ്ങളില്‍ നടപടിയുണ്ടായിട്ടില്ല.ന്നും എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയായവര്‍ ആരോപിച്ചു.
ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് നിരവധി തവണ പ്രഖ്യാപിച്ചുവെങ്കിലും ജപ്തി നടപടികളുമായി ബാങ്കുകള്‍ നീങ്ങുകയാണ്. സൗജന്യ മരുന്നു വിതരണം മാസങ്ങളായി നിലച്ചതു കൂടാതെ ആവശ്യമായ ചികില്‍സകള്‍ ലഭിക്കുന്നില്ല. വര്‍ദ്ധിപ്പിച്ച പെന്‍ഷനും തുക കൃത്യമായി നല്‍കുന്നില്ല. മെഡിക്കല്‍ കോളജിനു തറക്കല്ലിടല്‍ കര്‍മ്മം മാത്രം നടത്തി. ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കാതെ അതേപടി കിടക്കുന്നു. നെഞ്ചം പറമ്പിലെ കിണറില്‍ നിക്ഷേപിച്ച എന്‍ഡോസള്‍ഫാന്‍ പരിശോധിക്കാനുള്ള ശ്രമം പോലും നടന്നില്ല. നഷ്ട പരിഹാരത്തിന് ട്രിബ്യൂണല്‍ സ്ഥാപിക്കുക എന്ന ആവശ്യത്തിനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പരിഗണനയും ലഭിച്ചില്ലെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിരയാവര്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് വാഗ്ദാനം ചെയ്ത സഹായങ്ങള്‍ നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇരകളില്‍ പലര്‍ക്കും സഹായങ്ങള്‍ ലഭിച്ചില്ല എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് വിശദീകരണം ചോദിച്ചത്.
മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ ചെയ്ത അടിയന്തിര സഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, പതിനൊന്ന് പഞ്ചായത്തിന് പുറത്തുനിന്നുള്ള ദുരിതബാധികരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാലം ഉമ്മന്‍ചാണ്ടിക്ക് മാപ്പ് നല്‍കില്ലെന്ന് വിഎസ് പറഞ്ഞു. നിവര്‍ന്നിരിക്കാന്‍ പോലുമാകാത്ത കുട്ടികളെയും കൊണ്ടാണ് ഈ അമ്മമാരുടെ സമരം. എന്‍ഡോസള്‍ഫാന്‍ പീഡിതരെ വീണ്ടും വീണ്ടും ദ്രോഹിക്കുകയും അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിനെപ്പോലെ സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും വിഎസ് പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, വൈക്കം വിശ്വന്‍, ബിആര്‍പി ഭാസ്‌കര്‍, സുഗതകുമാരി തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി.
Next Story

RELATED STORIES

Share it