എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പിണറായി വിജയന്‍ സന്ദര്‍ശിച്ചു

എ പി വിനോദ്

കാസര്‍കോട്: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. നവകേരള യാത്രയുടെ ഭാഗമായി ഇന്നലെ രാവിലെ പത്തിനു തുടങ്ങിയ സന്ദര്‍ശനത്തില്‍ ആദ്യമെത്തിയത് എന്‍മകജെ തെര്‍ലയിലെ ബഡ്‌സ് സ്‌കൂളിലാണ്. സ്‌കൂളിലെ കുട്ടികള്‍ക്ക് പിണറായി വിജയന്‍ ഓറഞ്ചുകള്‍ നല്‍കി. അധ്യാപകരോട് സ്‌കൂളിലെ സൗകര്യങ്ങള്‍, വാഹനലഭ്യത തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 52 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളതെന്നും ഇതില്‍ 28 കുട്ടികള്‍ മാത്രമാണ് എത്തുന്നതെന്നും അധ്യാപകര്‍ പിണറായിയെ അറിയിച്ചു. രണ്ട് കുട്ടികള്‍ ഓട്ടിസം ബാധിതരാണ്. രണ്ട് കുട്ടികള്‍ സംസാരശേഷിയില്ലാവരാണെന്നും അധ്യാപകര്‍ പിണറായിയോട് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ആദ്യ ഇരയായ കുമാരന്റെ വീടാണ് പിണറായി പിന്നീട് സന്ദര്‍ശിച്ചത്. റിട്ട. അധ്യാപകനായിരുന്ന കുമാരന്‍ 2002ലാണ് മരിച്ചത്. ഭാര്യ ചന്ദ്രാവതിയില്‍നിന്ന് അദ്ദേഹം വിവരങ്ങള്‍ ആരാഞ്ഞു.
പതിനൊന്നോടെ വാണിനഗറിലെ അര്‍ബുദ ബാധിതനായ ശങ്കരമൂല്യയുടെ വീട് പിണറായി സന്ദര്‍ശിച്ചു. ശങ്കരമൂല്യയുടെ പിതാവും അര്‍ബുദ ബാധിതനാണ്. മകന്‍ ശാരീരിക വൈകല്യങ്ങളുമായി വീല്‍ചെയറിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. എന്‍ഡോസള്‍ഫാന്റെ അപകടവും കാസര്‍കോട് എന്‍ഡോസള്‍ഫാനില്‍നിന്ന് നേരിടുന്ന പ്രത്യാഘാതങ്ങളും ജനശ്രദ്ധയിലെത്തിച്ച ഡോ. വൈ എസ് മോഹന്‍കുമാര്‍ പിണറായിയുമായി കൂടിക്കാഴ്ച നടത്തി. പ്രദേശവാസികള്‍ നേരിടുന്ന ദുരിതത്തിനൊപ്പം അവിടെ ബാങ്ക്, സ്‌കൂള്‍, വാഹന സൗകര്യം എന്നിവയുടെ അഭാവത്തെക്കുറിച്ചും അദ്ദേഹം ധരിപ്പിച്ചു. കിന്നിംഗാര്‍ പ്രദേശത്ത് കാത്തുനിന്ന പ്രദേശവാസികള്‍ പിണറായിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു.
കശുമാവ് തോട്ടങ്ങളില്‍ തളിക്കുന്നതിനായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്‍ഡോസള്‍ഫാന്‍ വിഷക്കൂട്ട് തയ്യാറാക്കിയ ബെള്ളൂര്‍, ഇപ്പോഴും ദുരിത ബാധയോടെ കുട്ടികള്‍ പിറവിയെടുക്കുന്ന എന്‍മകജെ, അകാലമൃത്യു നിത്യസംഭവമായ മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലൂടെയാണ് സന്ദര്‍ശനം നടത്തിയത്.
Next Story

RELATED STORIES

Share it