എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടുന്നു: ഹൈക്കോടതി വിധി മറികടന്ന് ബാങ്കുകളുടെ ജപ്തി നോട്ടീസ്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടന്ന് ജില്ലയില്‍ വീണ്ടും ബാങ്കുകളുടെ ജപ്തി നോട്ടീസ്. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും നടപടികളില്ലാതെ ഫയലില്‍തന്നെ ഒതുങ്ങുമ്പോഴാണ് ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നേറുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 29ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് ജില്ലയിലെ വിവിധ ബാങ്കുകള്‍ ദുരിതബാധിതരുടെ കടങ്ങള്‍ പിരിച്ചെടുക്കാന്‍ ജപ്തി നോട്ടീസ് നല്‍കിവരികയാണ്. ബെള്ളൂര്‍ പഞ്ചായത്തില്‍ 62ഓളം ദുരിതബാധിതര്‍ക്കാണ് ബെള്ളൂര്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നിവ ജപ്തി നോട്ടീസ് നല്‍കിയത്. എണ്‍മകജെ, കയ്യൂര്‍-ചീമേനി, ബെള്ളൂര്‍, പുല്ലൂര്‍-പെരിയ, പള്ളിക്കര, മുളിയാര്‍, കാറഡുക്ക, ബദിയടുക്ക, കോടോം-ബേളൂര്‍, കയ്യൂര്‍-ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ ദുരിതബാധിതര്‍ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പ ഈടാക്കാനായി ജപ്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. 2011 ജൂണ്‍ വരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കാര്‍ഷിക വായ്പ എടുത്തവരുടെ കടങ്ങളാണ് എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, വീട് നിര്‍മിക്കാനും വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്കായും വായ്പ എടുത്തവരുടെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടില്ല.
2011 ജൂണ്‍ വരെ കാര്‍ഷിക കടമായി 25 കോടി രൂപ എടുത്തതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 1191 പേരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെയുള്ള വായ്പകളാണ് ആദ്യഘട്ടത്തില്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നത്. ഇതിലേക്കായി 10.90 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റിലുള്ള എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് ഇതുസംബന്ധിച്ച് ഉത്തരവ് ലഭിച്ചിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് ഇതിന് സാങ്കേതിക തടസ്സമായതെന്നും പണം ഉടന്‍തന്നെ അയക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ തേജസിനോട് പറഞ്ഞു.
കോടതി വിധി നിലനില്‍ക്കെ ബാങ്കുകള്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ചത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്‌സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍നിന്ന് വിശദീകരണം തേടും. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതുസംബന്ധിച്ച് ജില്ലാകലക്ടര്‍ ലീഡ് ബാങ്ക് മാനേജര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശം ലംഘിച്ചാണ് ഇപ്പോള്‍ ബാങ്കുകള്‍ വ്യാപകമായി ദുരിതബാധിതര്‍ക്ക് നോട്ടീസുകള്‍ അയക്കുന്നത്.
Next Story

RELATED STORIES

Share it