എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ജപ്തി നോട്ടീസ്: നടപടി കോടതിയലക്ഷ്യമെന്ന് വി എസ്

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവു ലംഘിച്ച് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജപ്തി നോട്ടീസ് അയച്ച ബാങ്കുകളുടെ നടപടി അങ്ങേയറ്റം ധിക്കാരപരവും കോടതിയലക്ഷ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണ് ബാങ്കുകളെ വീണ്ടും ജപ്തി നടപടികള്‍ക്ക് പ്രേരിപ്പിച്ചിരിക്കുന്നതെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സര്‍ക്കാര്‍ 10 കോടിയുടെ കടാശ്വാസം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജപ്തി നടപടികള്‍ സ്‌റ്റേ ചെയ്തിരുന്നത്. എന്നാല്‍, നിശ്ചിതസമയത്ത് കടാശ്വാസപദ്ധതി നടപ്പാക്കാതിരുന്നതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ ഇപ്പോള്‍ വീണ്ടും ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ വീണ്ടും പ്രതികാരമനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ഇതു തെളിയിക്കുന്നു. ഇത്രയേറെ ദുരിതം പേറുന്നവരോട് കണ്ണില്‍ചോരയില്ലാത്തവണ്ണം പെരുമാറാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു മാത്രമേ കഴിയൂ. അടിയന്തരമായി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച കടാശ്വാസം നടപ്പാക്കി അവരെ രക്ഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
അതേസമയം, ചീഫ് സെക്രട്ടറി ജിജി തോംസണെതിരേയും വി എസ് വിമര്‍ശനമുന്നയിച്ചു. വാചകമടിയില്‍ പുത്തന്‍ വഴികള്‍ തേടിപ്പോവുകയാണ് ചീഫ് സെക്രട്ടറിയെന്ന് വി എസ് പറഞ്ഞു. ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നു പറഞ്ഞാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 30 കോടി ചെലവഴിച്ച് ഓപറേഷന്‍ അനന്ത ആരംഭിച്ചത്. 11 മാസം കഴിഞ്ഞപ്പോഴും പദ്ധതി ഇപ്പോഴും തിരുനക്കര തന്നെയാണ് നില്‍ക്കുന്നതെന്ന് വി എസ് പരിഹസിച്ചു. ഓപറേഷന്‍ അനന്ത പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യവെയാണ് ചീഫ് സെക്രട്ടറിക്കെതിരേ വി എസ് വിമര്‍ശനം ഉന്നയിച്ചത്.
ഇത്തരം കാര്യങ്ങളൊന്നും സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും ബാധകമല്ല. ജനങ്ങളുടെ ജീവിതത്തെക്കുറിച്ചൊന്നും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന മുന്നണിക്കു ശ്രദ്ധയില്ല. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന നിയന്ത്രിക്കാതെ അഴിമതി നടത്തുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം സ്വന്തമാക്കുന്ന സര്‍ക്കാരാണിതെന്നും വി എസ് പരിഹസിച്ചു.
Next Story

RELATED STORIES

Share it