എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ബാങ്ക് വായ്പ ബാധ്യത എഴുതിത്തള്ളാന്‍ 10.90 കോടി അനുവദിച്ചു

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യത എഴുതിത്തള്ളാന്‍ 10.90 കോടി അനുവദിച്ചതായി സര്‍ക്കാര്‍. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി അര്‍ഹരെ കണ്ടെത്താന്‍ സമിതിയെ രൂപവല്‍ക്കരിച്ചതായും ഇരകളെന്ന് കണ്ടെത്തിയ 1191 പേര്‍ വിവിധ ബാങ്കുകളില്‍നിന്നെടുത്ത വായ്പ എഴുതിത്തള്ളാനാണ് ഇത്രയും തുക അനുവദിച്ചിട്ടുള്ളതെന്നും കാസര്‍കോട് കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും ദുരിതാശ്വാസ നടപടികള്‍ നടപ്പാക്കുന്നില്ലെന്നും ആരോപിച്ച് ബി കുമാരന്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയിലാണ് വിശദീകരണം. 2014 ഓക്‌ടോബര്‍ 10ന് രൂപവല്‍ക്കരിച്ച ഈ സമിതി അപേക്ഷകരെ നേരില്‍ക്കണ്ടാണ് അവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണോയെന്ന് കണ്ടെത്തിയത്.

50,000 വരെ കടമെടുത്ത 591 പേര്‍ക്കായി 1.52 കോടിയും രണ്ട് ലക്ഷം വരെ കടമെടുത്ത 333 പേര്‍ക്ക് 3.51 കോടിയും രണ്ട് ലക്ഷത്തിന് മുകളില്‍ ബാധ്യതയുള്ള 267 പേര്‍ക്ക് 5.89 കോടിയും വീതമാണ് അനുവദിച്ചത്. വ്യക്തമായ രേഖകള്‍ സമിതി മുമ്പാകെ ഹാജരാക്കാതിരുന്ന ഏഴ് പേരുടെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായിട്ടില്ല. 3,600 പേര്‍ക്ക് ഇതുവരെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായും ഇവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആനുകൂല്യങ്ങള്‍ ഈ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാനാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 27 ക്യാമ്പുകളിലൂടെ 5227 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ദുരിതം ബാധിച്ച് കിടപ്പിലായവര്‍ക്കും ശാരീരിക, മാനസിക വൈകല്യം ബാധിച്ചവര്‍ക്കും വെവ്വേറെ സഹായങ്ങളാണ് നല്‍കിവരുന്നത്. രണ്ട് ഗഡു സഹായ വിതരണം നല്‍കിക്കഴിഞ്ഞു. ഓരോ വിഭാഗത്തിനും യഥാക്രമം 7.27കോടി, 34.5കോടി,19.42 കോടി വീതം രണ്ട് ഗഡുക്കളായി നല്‍കിക്കഴിഞ്ഞു. 433 കാന്‍സര്‍ രോഗികള്‍ക്ക് 4.33 കോടി നല്‍കി. രണ്ടാം ഗഡുവായി 409 പേര്‍ക്ക് 4.09 കോടിയും അനുവദിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it