എന്‍ഡിപിഎസ് കേസുകളിലെ സുപ്രിംകോടതി വിധി; അന്വേഷണ ഏജന്‍സികള്‍ക്ക് ആശങ്ക

കൊച്ചി: മയക്കുമരുന്നു കേസുകള്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ തന്നെ അവ അന്വേഷിക്കരുതെന്ന സുപ്രിംകോടതി തീര്‍പ്പ് സംസ്ഥാനത്തെ നിരവധി കേസുകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. പല വിചാരണക്കോടതികളും സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സിയുടെ താല്‍പര്യത്തിനു വിരുദ്ധമാവുന്ന തരത്തിലുള്ള വിധികള്‍ പുറപ്പെടുവിച്ചു തുടങ്ങി. കോഴിക്കോട് മുക്കം പോലിസ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസിലെ (ക്രൈം നമ്പര്‍ 397/18) പ്രതികളായ അടിമാലി സ്വദേശികളായ അഫ്‌സല്‍ എം ശരീഫ്, ധനീഷ് പവിത്രന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന മുക്കം എസ്‌ഐയുടെ ആവശ്യം വടകര എന്‍ഡിപിഎസ് കോടതി ജഡ്ജി എം വി രാജകുമാര തള്ളി. മുക്കം എസ്‌ഐ രജിസ്റ്റര്‍ ചെയ്ത കേസ് അദ്ദേഹം തന്നെയാണ് അന്വേഷിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി ആവശ്യം കഴിഞ്ഞ മാസം 21ന് എന്‍ഡിപിഎസ് കോടതി തള്ളിയത്. ഇതുപോലെയുള്ള മറ്റു കേസുകളിലും സുപ്രിംകോടതി വിധിപ്രകാരം നടപടിയുണ്ടായാല്‍ നിലവിലെ പ്രതികള്‍ വിട്ടയക്കപ്പെടുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആശങ്ക. ലഹരിക്കെതിരേ നിരന്തര പോരാട്ടം നടത്തുന്ന എക്‌സൈസ് വകുപ്പിനെയും സുപ്രിംകോടതി വിധി പ്രതികൂലമായി ബാധിക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം 16നാണ് ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് നിര്‍ണായക ഉത്തരവിറക്കിയത്. എന്‍ഡിപിഎസ് നിയമപ്രകാരം 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട മോഹന്‍ലാല്‍ എന്നയാള്‍ സമര്‍പ്പിച്ച അപ്പീലിലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
1997ല്‍ പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ മോഹന്‍ലാലിനെതിരേ ബലിയാന്‍വാലി എസ്‌ഐ ചാന്ദ് സിങ്ങാണ് കേസെടുത്തത്. ഇയാളില്‍ നിന്നു മൂന്നു കിലോഗ്രാം കറുപ്പ് പിടിച്ചെടുത്തിരുന്നു. ചാന്ദ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലും വിചാരണയിലും പ്രതിക്ക് ശിക്ഷ ലഭിച്ചു. ഈ വിധിക്കെതിരേയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നിരപരാധിത്വം തെളിയിക്കല്‍ ആരോപണവിധേയന്റെ ചുമതലയായ എന്‍ഡിപിഎസ് പോലുള്ള നിയമങ്ങള്‍ അടങ്ങിയ കേസുകളില്‍ നിയമങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്നു ഹരജിക്കാരന്‍ വാദിച്ചു.
കേസ് കണ്ടെത്തുന്ന ഉദ്യോഗസ്ഥനെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് ''നൗഷാദ്, കേരള സര്‍ക്കാര്‍ (2000)'' കേസില്‍ വിധിയുള്ളതായി സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാത്രമേ കുറ്റപത്രം സമര്‍പ്പിക്കാവൂയെന്നാണ് ഈ വിധി പറയുന്നത്. കേസ് കണ്ടെത്തിയ ആള്‍ തന്നെ അന്വേഷണം നടത്തിയതിനാല്‍ നൗഷാദ് കേസിലെ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. പക്ഷേ, ''ഖാദര്‍, കേരള സര്‍ക്കാര്‍ കേസില്‍ (2001)'' നൗഷാദ് കേസിലെ വിധി ശരിയല്ലെന്നു മറ്റൊരു ബെഞ്ച് ചൂണ്ടിക്കാട്ടി. ഖാദര്‍ കേസിലെ വിധി അംഗീകരിക്കുന്നില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കി. പ്രഥമ വിവര റിപോര്‍ട്ടിനെ പരമ സത്യമായി കാണുന്നതാണ് ഖാദര്‍ കേസിലെ വിധി. ഈ വിധി അന്വേഷണ പ്രക്രിയയെ കേവലം ചടങ്ങാക്കി മാറ്റി. ഈ വിധി ന്യായമായ അന്വേഷണത്തിനും വിചാരണയ്ക്കുമുള്ള ആരോപണവിധേയന്റെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നതാണ്. ന്യായമായ വിചാരണയുണ്ടാവണമെങ്കില്‍ ന്യായമായ അന്വേഷണം നടക്കണം. അതുകൊണ്ടു തന്നെ കേസ് കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല. നിരപരാധിത്വം ആരോപണവിധേയന്‍ തെളിയിക്കേണ്ട തരത്തിലുള്ള കേസുകളില്‍ പ്രത്യേകിച്ചും. തുടര്‍ന്ന്, മോഹന്‍ലാലിനെ സുപ്രിംകോടതി വെറുതെ വിടുകയായിരുന്നു. നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, നടപ്പായതായി ബോധ്യപ്പെടണം. പക്ഷപാതിത്വവും മുന്‍വിധികളും ഉണ്ടാവാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it